 പമ്പ് ഹൗസിൽ വൈദ്യുതിയില്ല


അഞ്ചാലുംമൂട്: മേടചൂട് കനത്തതോടെ കുടിവെള്ളം കിട്ടാതെ വലഞ്ഞ് പ്രാക്കുളം, കാഞ്ഞാവെളി മേഖലകളിലെ 500ൽ അധികം കുടുംബങ്ങൾ. പ്രാക്കുളം 13-ാം വാർഡ്, കാഞ്ഞാവെളിയിലെ വിവിധ വാർഡുകൾ എന്നിവിടങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് 10ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇവിടെ കുഴൽക്കിണർ നിർമ്മിച്ചിരുന്നു. പമ്പ് ഹൗസ് ഉൾപ്പെടെ പൂർത്തിയായതുമാണ്. എന്നാൽ വൈദ്യുതി ബോർഡിന് നൽകാനുള്ള കുടിശിക തുക വാട്ടർ അതോറിട്ടി നൽകാത്തതിനാൽ പമ്പിംഗ് ആരംഭിക്കുന്നതിനുള്ള വൈദ്യുതി ഇതുവരെയും ലഭ്യമായിട്ടില്ല.

തൃക്കരുവ പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രാക്കുളം 13-ാം വാർഡ് തീരദേശ മേഖലകൂടിയാണ്.

ഓരുകലർന്ന വെള്ളമാണ് ഈ പ്രദേശത്തെ കിണറുകളിൽ ലഭിക്കുന്നത്. ഓരു വെള്ളം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രദേശവാസികളാരും ഈ വെള്ളം ഉപയോഗിക്കാറില്ല. വീട്ടാവശ്യങ്ങൾക്കും മറ്റും ദൂരസ്ഥലങ്ങളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്.

പരാതി പറഞ്ഞ് മടുത്തു

മൂന്ന് വർഷത്തിലേറെയായി 13-ാം വാർഡിലെ കുടിവെള്ള പ്രശ്‌നം തുടങ്ങിയിട്ട് . അധികൃതരോട് പലതവണ പരാതി പറഞ്ഞിട്ടും രക്ഷയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലരും വലിയ വിലകൊടുത്ത് സ്വകാര്യ ടാങ്കറുകളിൽ നിന്നുള്ള വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. കാഞ്ഞാവെളിയിലെയും അഷ്ടമുടിയിലെയും പലവാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. എത്രയും വേഗം കുഴൽക്കിണർ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടിസ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനുമാണ് പ്രദേശവാസികളുടെ തീരുമാനം.