
കൊല്ലം: 'വിശ്രമിക്കാൻ സമയമില്ല, ഷൂട്ടിംഗ് ഉൾപ്പെടെ ജോലികൾ ബാക്കിയാണ്', കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ വാക്കുകളിലും ക്ഷീണമില്ല. തിരഞ്ഞെടുപ്പ് തിരക്കിന് ശേഷം ഇടവേളയില്ലാതെയാണ് മുകേഷ് ജോലിത്തിരക്കുകളിലേക്ക് മടങ്ങിയത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം പരമാവധി ബൂത്തുകൾ സന്ദർശിച്ചു. ഇന്ന് പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കോട്ടയത്തേക്ക് പോകും. അതിന് മുമ്പ് ഇന്നലെ രാവിലെ തിരുവനന്തപുരത്തെ 'മാധവം' വീട്ടിലേക്കാണ് ആദ്യം മുകേഷ് പോയത്. തിരഞ്ഞെടുപ്പ് തിരക്ക് മൂലം രണ്ടുമാസമായി ഇവിടേക്ക് എത്തിയിരുന്നില്ല. തുടർന്ന് തിരുവനന്തപുരത്തെ സുഹൃത്തുകളുമായി സമയം ചെലവഴിച്ചു. രാത്രിയോടെ കൊല്ലത്തേക്ക് മടങ്ങി. നടനും സംവിധായകനുമായ എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് കോട്ടയത്തേക്ക് പോകുന്നത്. ഒപ്പം മാറ്റിവച്ച മറ്റു ജോലികളും ചെയ്തുതീർക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത നിരവധി സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പുനലൂരിൽ കാലിന് സ്വാധീനക്കുറവുള്ള പ്രായമായ ഒരമ്മ കാണാൻ വന്നതും കൊല്ലം ജില്ലാ ആശുപത്രിയിലെ സന്ദർശന സമയത്ത് 'എന്റെ മകന്റെ ആണ്ടാണ്, മോൻ വീട്ടിൽ വരണം' എന്ന് പറഞ്ഞ് ക്ഷണിച്ചതും ചാത്തനൂരിലെ പ്രചാരണസമയത്ത് ഇരുകാലും ഇല്ലാത്ത ഒരു പയ്യൻ അവൻ വരച്ച പടവുമായി കാത്തുനിന്നതുമെല്ലാം ഒരിക്കലും ഓർമ്മയിൽ നിന്ന് മായാതെ നിമിഷങ്ങളാണെന്ന് മുകേഷ് പറയുന്നു.
പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. പ്രചാരണ സമയത്തെ ജനപങ്കാളിത്തം ശുഭപ്രതീക്ഷയാണ് നൽക്കുന്നത്.
എം.മുകേഷ്