കൊല്ലം: വോട്ട് എണ്ണുന്നതുവരെ പതിവ് തിരക്കുകളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാറ്റിവച്ച ചെറിയ ജോലികൾ തീർക്കാനുണ്ട്.

വീട്ടുകാരുമായി സമയം ചെലവിടുന്നതിനൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യങ്ങൾ പറഞ്ഞെത്തുന്നവരെ കേട്ടുകൊണ്ടാണ് ഒരു ദിവസവും ആരംഭിക്കുന്നത്. അവധി ദിവസങ്ങൾ ഉണ്ടാകാറില്ലെന്ന് തന്നെ പറയാം. കൂടുതൽ സമയവും നാട്ടിലെ പ്രശ്നങ്ങളിലും മറ്റും ഇടപെട്ടും പരിപാടികളിൽ പങ്കെടുത്തും ചെലവഴിക്കും. വീട്ടിലാണെങ്കിൽ വായനയും പതിവാണ്. തിരഞ്ഞെടുപ്പിന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്.

'നല്ല അനുഭവങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉണ്ടായത്. കടുത്ത ചൂടും വകവയ്ക്കാതെ മണിക്കൂറുകളോളം പ്രായമായവരും കുഞ്ഞുമക്കളും കാത്തുനിന്ന കാഴ്ച മനസ് നിറയ്ക്കുന്നതായിരുന്നു. അവരിൽ ഒരാളായാണ് എല്ലാവരും എന്നെ സ്വീകരിച്ചത്. ഒരുപാട് സമയമെടുത്ത് സ്നേഹത്തോടെ വരച്ച എന്റെ ചിത്രങ്ങൾ സമ്മാനിച്ചവരും ഉണ്ട്. മകനെ പോലെ കണ്ട് ചേർത്തുപിടിച്ച് അനുഗ്രഹിച്ച അമ്മമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മറക്കാനാകാത്ത ഓർമ്മകളായിരുന്നുവെന്ന് പ്രേമചന്ദ്രൻ പറയുന്നു. പോളിംഗ് കുറഞ്ഞത് ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കാമെങ്കിലും വിജയപ്രതീക്ഷയിൽ അദ്ദേഹത്തിന് തെല്ലും ആത്മവിശ്വാസക്കുറവില്ല.

എല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്ക് ജനങ്ങൾ കൊടുക്കുന്ന മറുപടിയായിരിക്കും വോട്ടെണ്ണൽ ദിവസം പ്രതിഫലിക്കുക.

എൻ.കെ.പ്രേമചന്ദ്രൻ