 തീരുമാനമെടുക്കാഞ്ഞത് തിരഞ്ഞെടുപ്പായതിനാൽ

കൊല്ലം: പെരുമണിൽ നിന്ന് മൺറോത്തുരുത്തിലേക്കുള്ള ജങ്കാർ സർവീസ് ആരംഭിക്കാനുള്ള പനയം പഞ്ചായത്തിന്റെ അപേക്ഷ കളക്ടറുടെ മുന്നിലെത്തിയിട്ട് ഒന്നരമാസം തികയുന്നു. തിരഞ്ഞെടുപ്പായതിനാൽ വോട്ടർമാരെ സ്വാധീനിക്കുന്ന തീരുമാനമാകുമെന്ന് പറഞ്ഞാണ് കളക്ടർ നടപടികൾ സ്വീകരിക്കാതിരുന്നത്. പോളിംഗ് നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് അനുമതി വാങ്ങി ജങ്കാർ സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

മാർച്ച് 16ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് ജങ്കാർ സർവീസ് ആരംഭിക്കാൻ കായംകുളം സ്വദേശി നൽകിയ അപേക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കളക്ടറെ സമീപിക്കുകയായിരുന്നു. പോളിംഗ് കഴിഞ്ഞെങ്കിലും പെരുമാറ്റ ചട്ടം ജൂൺ 6 വരെ നീണ്ടുനിൽക്കും. പോളിംഗ് കഴിഞ്ഞതിനാൽ ജനകീയ പ്രശ്നങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുകൂല നിലപാട് സ്വീകരിച്ചേക്കും. അതുകൊണ്ട് തന്നെ പനയം പഞ്ചായത്തിന്റെ അപേക്ഷ എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴി‌ഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ കേരള മാരിടൈം ബോർഡിന്റെ നിർദ്ദേശ പ്രകാരമുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായില്ല. ജങ്കാർ ഉടമ ആവശ്യപ്പെട്ടത് പ്രകാരമുള്ള നിരക്ക് വർദ്ധനവിനും പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്കാകും സർവീസ്.

ചുറ്റിക്കറങ്ങി വലഞ്ഞ് ജനം

മൺറോത്തുരത്ത് പഞ്ചായത്തുമായുള്ള കരാറിലാണ് ഇവിടെ നേരത്തെ ജങ്കാർ സർവീസ് നടന്നിരുന്നത്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ ഈ ജങ്കാർ ഉടമസ്ഥൻ മടക്കിക്കൊണ്ടുവരാഞ്ഞതോടെ കഴിഞ്ഞ വർഷം ഒക്ടോബർ പകുതിയോടെ സർവീസ് നിലച്ചു. ഇതോടെ മൺറോത്തുരുത്തുകാർ കുണ്ടറ വഴി 25 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് കൊല്ലത്തേക്ക് എത്തുന്നത്. ജങ്കാർ നിലച്ചതോടെ മൺറോത്തുരുത്ത് വഴി കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്ന പനയം പഞ്ചായത്തിലെ ജനങ്ങളും ദുരിതത്തിലായി. ഇതോടെയാണ് പനയം പഞ്ചായത്ത് ജങ്കാർ സർവീസ് ആരംഭിക്കാൻ മുൻകൈയെടുത്തത്. ഇഴഞ്ഞു നീങ്ങുന്ന പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം പൂർത്തിയാകാൻ ഇനിയും രണ്ട് വർഷമെങ്കിലും വേണ്ടി വരും. ജങ്കാർ സവീസ് ആരംഭിച്ചില്ലെങ്കിൽ അത്രയും കാലം യാത്രക്കാർ ചുറ്റിക്കറങ്ങേണ്ടി വരും.