അനുമതിക്കായി കാത്ത് പദ്ധതികൾ
പെരിനാട്: പോളിംഗ് കഴിഞ്ഞെങ്കിലും വോട്ടെണ്ണൽ വരെ നീളുന്ന മാതൃകാ പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി പെരിനാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം. നാന്തിരിക്കൽ, വരട്ടുചിറ ഭാഗങ്ങളിൽ കുഴൽക്കിണർ നിർമ്മാണം പൂർത്തിയായിട്ടും പെരുമാറ്റച്ചട്ടം കാരണം കരാറായ അവസാനഘട്ട കമ്മിഷനിംഗ് ജോലികൾ തുടങ്ങാൻ കഴിയുന്നില്ല. കുഴിയത്തെ കുഴൽക്കിണറിന്റെ നിർമ്മാണം ആരംഭിക്കാത്തതിനും പെരുമാറ്റ ചട്ടമാണ് തടസം. സമീപ പഞ്ചായത്തായ തൃക്കരുവയിലും കമ്മിഷനിംഗിനായി ഒരു കുഴൽ കിണർ പെരുമാറ്റ ചട്ടത്തിലെ ഇളവിനായി കാത്തുകിടക്കുകയാണ്.
ജല അതോറിട്ടിയും തദ്ദേശസ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുന്നത് ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ. ഇടപെടൽ അത്യാവശ്യമാണെന്ന് കാണിച്ച് ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് എം.ഡിക്ക് കത്ത് നൽകി. പഞ്ചായത്ത് സമിതിയും ഉദ്യോഗസ്ഥരും ജില്ലാ കളക്‌ടറെ സമീപിച്ചെങ്കിലും ചീഫ് ഇലക്ടറൽ ഓഫീസറുടെ അനുമതി ആവശ്യമാണെന്ന നിയമപരമായ ഉപദേശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കുടിവെള്ളം പോലെയുള്ള ജീവൽ പ്രശ്‌നമായതിനാൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ മാറ്റി നിറുത്തി സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം ഉന്നതരെ കാണാനും ജില്ലാ ഭരണ കൂടം ഉപദേശിച്ചതായി പഞ്ചായത്ത് സമിതി പറയുന്നു.
ആശ്രയം ടാങ്കർ വെള്ളം
പഞ്ചായത്തിൽ വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് ജില്ലാ ഭരണകൂടം പഞ്ചായത്തിനൊപ്പമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ഫെബ്രുവരിയിൽ തുടങ്ങിയ ജലവിതരണത്തിന് 6 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. മൂന്ന് ടാങ്കറുകളിലായി ദിനംപ്രതി നാല് ട്രിപ്പ് പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലുമെത്തുന്നുണ്ട്. വാട്ടർ അതോറിട്ടിയുടെ ചാർജും ടാങ്കർ വാടകയ്‌ക്കും ചിലവാകുന്ന ഫണ്ട് ഒരു വിധം പര്യാപ്‌തമാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതിനിടെ പഞ്ചായത്തിലെ കുഴൽക്കിണറുകളിൽ ജലനിരപ്പ് വലിയതോതിൽ താഴ‌്ന്നതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.