bus-
പന്മന ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന്റെ പുറകിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് കയറിയ നിലയിൽ അപകടത്തിൽ തകർന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്

പന്മന: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ച് ഇരുബസുകളിലെയും യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. പന്മന ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം ഇന്നലെ രാവിലെ 11.30​ ഓടെയായിരുന്നു അപകടം. ഹരിപ്പാട്ട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ് യാത്രക്കാരെ ഇറക്കുന്നതിനിടയിൽ കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഓർഡിനിറി ബസിന്റെ പിന്നിൽ ആദ്യം ചെറുതായി ഇടിച്ചു. പിന്നീട് ഓർഡിനറി ബസ് യാത്രക്കാരെ കയറ്റിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടയിൽ ഫാസ്റ്റ് പാസഞ്ചർ വീണ്ടും പുറകിൽ ശക്തമായി ഇടിച്ച് കയറുകയായിരുന്നു. ഇരുബസുകളിലെയും യാത്രക്കാരായ ജയകുമാർ (38), അനിൽ (52), പ്രശാന്ത്, നിത്യ (31), ഉഷ (56), ഫിറോസ് (21), സജിത (40), ജിയോൺ (40), ജിഷ (38), രാഹുൽ (38), ആസ്മിൻ (22), വർഷ (18), ജോയൽ (20), ജിജോ മാത്യു (19), ആസ്മിൻ (22), അംബിക (67), ആനന്ദ് (14), നൂറുൽ ഹക്കിം (72), സംജിത് (34), സജികുമാർ (50), ശുഭ (42), പ്രാർത്ഥന (14), ജ്യോതിഷ് (48), ആദിത്യ (18), മൈമുനുത്ത (52), അബ്ദുൾ വഹാബ് (72), മേഴ്‌​സി (62), മായ വാസുദേവൻ (40), ജയൻ (49), ജയൻ (49), കരീഷ്മ (24), ഹരിത (27), ഷെമീന (46), അലീന (22), സെനബ (63), ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവർ അനിൽ കുമാർ, ഓർഡിനറി ബസ് ഡ്രൈവർ സജികുമാർ (45), ഓർഡിനറി ബസിലെ വനിത കണ്ടക്ടർ മുക്തി എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവർ അനിൽ കുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നുവെന്നും കുറച്ച് സമയം കഴിഞ്ഞപ്പോൾ മാറിയെന്നും എന്നാൽ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെച്ച് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ പറഞ്ഞു.

അപകട വിവരം അറിഞ്ഞ് ചവറ പൊലിസ്, ചവറ അഗ്‌നി രക്ഷാസേന, നാട്ടുകാർ എന്നിവർ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആലപ്പുഴ മെഡിക്കൽ കോളേജിലും ഒരാളെ തിരുവനന്തപുരം കിം​സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറിയ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വീടുകളിലേക്ക് പറഞ്ഞയച്ചു. അപകടത്തിൽ ഓർഡിനറി ബസിന്റെ പുറക് വശവും ഫാസ്റ്റ് പാസഞ്ചറിന്റെ മുൻ വശവും പൂർണമായും ത​കർന്നു