piupe-

 വെള്ളം പൊട്ടിയൊഴുകുന്നത് പൈപ്പിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത്

കൊല്ലം: കടുത്ത വേനലിൽ വെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം ഓടയിലേക്ക് ഒഴുകുകി പാഴാകുന്നു. മുണ്ടയ്ക്കൽ കളക്ടറുടെ ബംഗ്ലാവിനടുത്തുള്ള കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കാര്യാലയത്തിന് മുന്നിലുള്ള ഓടയിലേക്ക് പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി.

മുമ്പ് ഈ പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പമ്പിംഗ് ഉള്ളപ്പോൾ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തുകൂടിയാണ് വീണ്ടും ശക്തിയോടെ വെള്ളം ചീറ്റുന്നതെന്ന് സമീപവാസികൾ പറയുന്നു.

നിരവധി പേർ കടന്നുപോകുന്ന റോഡരികിലും ഓടയിലും സമീപത്തെ ആൾതാമസമില്ലാത്ത വീട്ടുപരിസരത്തും തള്ളിയിരിക്കുന്ന മാലിന്യത്തിന്റെ ദുർഗന്ധവും തെരുവ് നായ്ക്കളും നാട്ടുകാരുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വേനൽക്കാലത്തും മഴക്കാലത്തും മാലിന്യംനിറഞ്ഞ ഓടയിൽ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉണ്ടാകുമെന്ന ഭീതിയിലാണ് സമീപവാസികൾ.