കൊല്ലം: സി.പി.എം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. കോൺവെന്റുകളിൽ കയറി താൻ ബി.ജെ.പിയിൽ പോകുമെന്ന് പറഞ്ഞായിരുന്നു പ്രചാരണം.സി.പി.എം ജില്ലാ സെക്രട്ടറി സാമുദായിക നേതാക്കന്മാരുടെ വീടുകളിലെത്തി സാമുദായിക ധ്രുവീകരണം നടത്തുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിനെല്ലാം തെളിവുണ്ട്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വോട്ടെടുപ്പിന്റെ തലേന്ന് പിതൃത്വം ഇല്ലാത്ത ലഘുലേഖ ഇടതുമുന്നണി വിതരണം ചെയ്തയായും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. പരിജ്ഞാനമില്ലാത്തവരായിരുന്നു ഓഫീസർമാരായി ഉണ്ടായിരുന്നത്. ഇക്കാര്യം ഇലക്ഷൻ കമ്മിഷൻ പരിശോധിക്കണം. ഇത്രയേറെ കാലതാമസം വന്നൊരു തിരഞ്ഞെടുപ്പ് അനുഭവത്തിലുണ്ടായിട്ടില്ല. കാലാവസ്ഥയ്ക്ക് അനുസൃതമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല. പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കേണ്ടതാണ്. യുവാക്കൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിദേശരാജ്യങ്ങളിൽ പോയ യുവാക്കൾ വോട്ട് ചെയ്യാത്തത് പോളിംഗ് ശതമാനം നല്ലരീതിയിൽ കുറച്ചു. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയാൻ കാരണമാകുമെങ്കിലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗരമായ തിരഞ്ഞെടുപ്പ് ശൈലികൾ മാറ്റണമെന്നും ചുവരെഴുത്തും അനൗൺസ്‌മെന്റും കലാശക്കൊട്ടും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.