എഴുകോൺ : പുതിയ കാലത്ത് കുറ്റകൃത്യങ്ങളും കോടതികളും കൂടുകയാണെന്ന് അഡിഷണൽ സെഷൻസ് ജഡ്ജ് ആർ. ജയകൃഷ്ണൻ പറഞ്ഞു. എഴുകോൺ പുതുശ്ശേരിക്കോണം വിവേകദായിനി ലൈബ്രറിയിൽ ബാലവേദി ബാലസംഗമത്തിന്റെയും നിയമ ബോധവത്ക്കരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകദായിനി ലൈബ്രറി പ്രസിഡന്റ് അഡ്വ..ജി.എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. എഴുകോൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എ.ഷംസുദ്ധീൻ, ലൈബ്രറി സെക്രട്ടറി സി.ആർ. സുനിൽബാബു എന്നിവർ സംസാരിച്ചു. ബാലവേദി രക്ഷധികാരി ബി.അൻസർ സ്വാഗതം പറഞ്ഞു. അവധിക്കാല പഠന കളരിയിൽ നാടൻപാട്ട്, ചിത്ര രചന, സംഗീതം, മന ശാസ്ത്രം എന്നീ വിഷയങ്ങളിൽ ക്ലാസുകളും വിനോദ വിജ്ഞാന യാത്ര എന്നിവ സംഘടിപ്പിക്കും.