 രാത്രി 7 കഴിഞ്ഞാൽ സർവീസില്ല

കൊല്ലം: ഇരുട്ട് വീണാൽ മയ്യനാട് ഭാഗത്തേക്ക് പോകാൻ ബസില്ലാതെ യാത്രക്കാർ വലയുന്നത് തുടർക്കഥയാകുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെത്തുടർന്ന് സന്ധ്യകഴിഞ്ഞും കൃത്യമായി സർവീസ് നടത്തണമെന്ന് ആർ.ടി.ഒ സ്വകാര്യ ബസ് ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നെങ്കിലും യാതൊരു മാറ്റവുമില്ല.

കൊല്ലം, കൊട്ടിയം ഭാഗത്ത് നിന്ന് മയ്യനാടേക്കോ മയ്യനാട് നിന്ന് കൊല്ലം, കൊട്ടിയം ഭാഗത്തേക്കോ രാത്രി 7 കഴിഞ്ഞാൽ ബസുകളെ കണികാണാൻ പോലും കിട്ടാറില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. സ്വകാര്യ ബസുകൾക്കൊപ്പം കൊവിഡ് സമയത്ത് നിറുത്തിയ കെ.എസ്.ആ‌ർ.ടി.സിയും സർവീസ് പുനരാരംഭിക്കാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.

ഞായറാഴ്ച ദിവസം അഞ്ചിൽ താഴെയാണ് ബസ് സർവീസ്. മയ്യനാട്-ചവറ, കൊട്ടിയം - മയ്യനാട്-സിവിൽ സ്‌റ്റേഷൻ, വെള്ളിമൺ- മയ്യനാട് എന്നീ ബസുകളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ഇറക്കിയ ഒരു ഗ്രാമ വണ്ടിയും മാത്രമാണ് സന്ധ്യ ആയാലുള്ള ഏക ആശ്രയം. ഇതിൽ തന്നെ മയ്യനാട് - ചവറ ബസ് മാത്രമാണ് രാത്രി 9 മണി വരെ മയ്യനാടേക്ക് സർവീസ് നടത്തുന്നത്. കൊല്ലത്ത് നിന്ന് മയ്യനാട് വഴി കൊട്ടിയത്തേക്ക് പോകേണ്ട ബസുകൾ സന്ധ്യകഴിഞ്ഞാൽ മയ്യനാട് ആളെയിറക്കി സർവീസ് അവസാനിപ്പിക്കുന്നതും പതിവാണ്. ഷട്ടിൽ ഉൾപ്പെടെ 15 ബസുകളാണ് ഇപ്പോൾ ഈ ഭാഗത്തേക്ക് സർവീസ് നടത്തുന്നത്. മയ്യനാട് നിന്ന് കൊട്ടിയത്തേക്ക് 7.22 നും കൊല്ലത്തേക്ക് 6.30നും ആണ് അവസാനത്തെ ബസ്. കൊവിഡിന് മുമ്പ് രണ്ട് കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ 17 ബസ് മയ്യനാടേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നു. അന്ന് രാത്രി 9.50 വരെയായിരുന്നു സർവീസ്.

ദുരിതത്തിലായി യാത്രക്കാർ

മത്സ്യബന്ധനത്തൊഴിലാളികളടക്കം നിരവധിപ്പേരാണ് ബസില്ലാതെ ബുദ്ധിമുട്ടുന്നത്. വിദ്യാർത്ഥികളും ജോലിക്കാരും പ്രായമായവരും സ്ത്രീകളുമടക്കം നിരവധിപ്പേരാണ് മയ്യനാട് നിന്നും കൊട്ടിയം ,കൊല്ലം ഭാഗത്തേക്ക് ദിവസവും യാത്ര ചെയ്യുന്നത്. ബസ് ഓട്ടം നിറുത്തിയതോടെ നിർദ്ധനരായ തൊഴിലാളികൾ ഉൾപ്പെടെ 200 രൂപയോളം മുടക്കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സ്ഥിരമായി രാത്രി വരെ ബസുകൾ സർവീസ് നടത്തി യാത്രാക്ലേശത്തിന് പരിഹാരം കാണെണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മുമ്പ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കൃത്യമായി സർവീസ് നടത്തണമെന്ന നിർദ്ദേശം സ്വകാര്യ ബസുകൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും

ആർ.ടി.ഒ

കൊല്ലം