കൊല്ലം: കൊല്ലത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പരിപാടികൾക്കും വോട്ടെടുപ്പിനും ശേഷം വിശ്രമിക്കാനല്ല എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ പ്ലാൻ. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടികളിൽ സജീവമാകാനാണ് തീരുമാനം.
കൊല്ലത്തെ തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ആദ്യം കണ്ണിനുണ്ടായ പരിക്ക് പരിശോധിക്കാനായി ആശുപത്രിലെത്തി. മുറിവുണങ്ങിയെന്നും മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷം പാർട്ടി തീരുമാനിക്കുന്ന പക്ഷം ഗോവയിലേക്കോ മഹാരാഷ്ട്രയിലോ ഡൽഹിയിലേക്കോ പ്രചാരണത്തിനിറങ്ങും. തുടർന്ന് കൊല്ലത്തേക്ക് വീണ്ടുമെത്തും. ഇലക്ഷൻ അവലോകനം ഉൾപ്പെടെയുള്ളവയിൽ പങ്കെടുക്കണം. പ്രചാരണ സമയത്ത് കേട്ട നിരവധി ജനകീയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ബന്ധപ്പെട്ടവരുമായി സംസാരിച്ച് പ്രെപ്പോസലുകൾ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കണം. ഇത് പറയുമ്പോൾ കൃഷ്ണകുമാറിന്റെ വാക്കുകളിൽ വിജയ പ്രതീക്ഷ നിറയുന്നു.
'ഞാൻ വലിയ കണക്ക് കൂട്ടൽ നടത്താറില്ല. വരും ദിവസങ്ങളിൽ സമാധാനമായി കൊല്ലത്ത് സജീവമായി പ്രവർത്തിക്കണം. പ്രചാരണ സമയത്ത് മനസിൽ തട്ടിയ ഒട്ടേറെ അനുഭവങ്ങളുണ്ട്. കൊല്ലത്തെ ജനതയുടെ നിഷ്കളങ്കമായ സ്നേഹവും ചേർത്തുനിറുത്തലും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയ പ്രതീക്ഷയുണ്ട്. ഒപ്പം എനിക്കും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
തിരഞ്ഞെടുപ്പിന്റെ ആവേശം ഇപ്പോഴും വിട്ടുപോയിട്ടില്ല. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കൊല്ലത്തുകാർ എന്നെ കണ്ടത്.
ജി. കൃഷ്ണകുമാർ