കൊല്ലം: ട്രെയിനിൽ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഇറച്ചി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. മധുരയിൽ നിന്ന് ട്രെയിൻ മാർഗം ഇന്നലെ പുലർച്ചെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പാഴ്‌സലാണ് പിടികൂടിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ ജില്ലയിലേക്ക് കടത്തിക്കൊണ്ടുവരുന്നത് പരിശോധിക്കുന്നതിനാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഇന്നലെ പുലർച്ചെ മുതൽ പരിശോധന നടത്തിയത്. ഇതിനിടയിലാണ് യാതൊരു രേഖകളും ഇല്ലാതെ കൊണ്ടുവന്ന പായ്ക്കറ്റ് കണ്ടെത്തിയത്. ബോക്‌സിന് സമീപം ഈച്ചകൾ വന്നതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പൊട്ടിച്ച് പരിശോധിച്ചത്. ഏകദേശം 180 കിലോയ്ക്ക് മുകളിലുള്ള മാംസമാണ് കണ്ടെത്തിയത്. എവിടെ നിന്ന് വന്നതാണെന്നോ എവിടേക്ക് അയച്ചതാണന്നോ രേഖകളും ഇല്ലായിരുന്നു. പിടികൂടിയ ഇറച്ചി കോർപ്പറേഷന്റെ സഹായത്തോടെ മറവ് ചെയ്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സംഗീത്, രസീമ, ഷീന.ഐ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.