
പത്തനാപുരം: പുന്നല കടശേരി വനമേഖലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വികസന കോർപ്പറേഷന്റെ ഇരുട്ടുതറ യുക്കാലിപ്പ്റ്റസ് തോട്ടത്തിൽ കണ്ടെത്തിയ
ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. പട്രോളിംഗിനിടെ ദുർഗന്ധം അനുഭവപ്പെട്ട് വനപാലകർ നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്. വെള്ളം തേടിയുള്ള അലച്ചിലിൽ പാറയിൽ നിന്ന് അടിതെറ്റി മുഖം ഇടിച്ചുവീണ് തറയിൽ കൊമ്പ് തറച്ചത് മൂലം ചലിക്കാനാകാതെ വന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയോളമായി വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കൊല്ലത്ത് നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ജഡം മറവ് ചെയ്തു.