
കൊല്ലം: കാണാതായ വൃദ്ധയെ ചതുപ്പ് നിലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേകല്ലട രണ്ടുറോഡ് ജംഗ്ഷനിൽ ശില്പ നിവാസിൽ പരേതനായ ജോയി സുധാകരന്റെ ഭാര്യ ജെയിനമ്മയെയാണ് (85) വീടിനടുത്തുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ജെയിനമ്മയെ കാണാനില്ലായിരുന്നു. തെരച്ചിലിൽ ഇന്നലെ രാവിലെ 10 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് ജെയിനമ്മ വീട്ടിൽ നിന്ന് പോയത്. ഓണമ്പലം കലുങ്ക് ജംഗ്ഷനിലുള്ള ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷ ഡ്രൈവറായ മകൻ അനിലാണ് എത്തിച്ചത്.
വൈകുന്നേരമായിട്ടും തിരികെ കാണാത്തതിനെ തുടർന്ന് ബന്ധുകൾ അന്വേഷിച്ചിറങ്ങുകയും കിഴക്കേകല്ലട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിൽ ബന്ധുവാണ് മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവീട്ടിൽ നിന്ന് ജെയിനമ്മയുടെ വീട്ടിലേക്ക് പോകാൻ നേരത്തെ ഉപയോഗിച്ചിരുന്ന എളുപ്പവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള രോഗങ്ങൾ ജെയിനമ്മയ്ക്ക് ഉണ്ടായിരുന്നതായും ബന്ധുകൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ കോട്ടപ്പുറത്ത് ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ശശി, അനിൽകുമാർ, സുനിൽ കുമാർ, വത്സല.