harithasena
കരീപ്ര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിൽ പ്ലാസ്റ്റിക്ക് തൂക്കി അയയ്ക്കുന്നു.

18 വാർഡുകളിലായി 36 ഹരിത കർമ്മ സേനാംഗങ്ങൾ

എഴുകോൺ : കരീപ്ര ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന ശരിക്കും സ്മാർട്ടായി. വാതിൽപ്പടി ശേഖരണത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് അയയ്ക്കുന്നതിലും കാര്യക്ഷമമായതോടെയാണിത്.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി) ആണ് കരീപ്രയിലെ ഹരിത സഹായ സ്ഥാപനം. 18 വാർഡുകളിലായി 36 ഹരിത കർമ്മ സേനാംഗങ്ങളുണ്ട്.

എല്ലാ മാസവും 4-ാം തീയതി മുതൽ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക്ക് ശേഖരിക്കും. തുടർന്ന് അഞ്ച് ദിവസം ഉളകോട്ടെ എം.സി.എഫിലെത്തിച്ച മാലിന്യങ്ങളുടെ തരം തിരിക്കലാണ്.

ശ്രമകരം തരംതിരിക്കൽ

ഡെൻസിറ്റി അനുസരിച്ച് 27 ലധികം തരങ്ങളായാണ് തിരിക്കുന്നത്. ശുദ്ധമായ ലോ ഡെൻസിറ്റി ഫസ്റ്റിനാണ് വില കൂടുതൽ. കട്ടിയുള്ള പ്ലാസ്റ്റിക്ക്, മിൽമ, ഓയിൽ, പെറ്റ് ബോട്ടിൽ തുടങ്ങി വിവിധ ഇനങ്ങളാക്കുന്നത് ശ്രമകരമാണ്. ക്യാരി ബാഗുകളാണ് പാഴ് വസ്തുക്കളിൽ കൂടുതൽ. യൂസർ ഫീക്ക് പുറമെ തരം തിരിക്കുന്നതിന് അധിക വേതനം ലഭിക്കും. മുടങ്ങാതെ എത്തുന്നവർക്ക് 15000 രൂപ വരെ പ്രതിമാസം കിട്ടുന്നുണ്ട്. യൂസർഫീയിൽ 10 ശതമാനം കരുതൽ ഫണ്ടാണ്.

നിരന്തര ബോധവത്ക്കരണം

12 വാർഡിൽ ക്യൂ.ആർ. കോഡ് സംവിധാനം 100 ശതമാനമായിട്ടുണ്ട്. തൃപ്പിലഴികം, വാക്കനാട് വാർഡുകളാണ് പ്ലാസ്റ്റിക്ക്, യൂസർ ഫീ കളക്ഷനിൽ സമ്പൂർണ നേട്ടത്തിലെത്തിയത്.

ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സജീവിനാണ് ഹരിത പ്രവർത്തനങ്ങളുടെ ചുമതല. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഷീന, അസി. കോ-ഓർഡിനേറ്റർ കവിത എന്നിവർ ഹരിതസേനാംഗങ്ങൾക്കൊപ്പം നടത്തിയ പ്രവർത്തനമാണ് സ്മാർട്ടാകാൻ കരീപ്രയെ പ്രാപ്തമാക്കിയത്. സഹകരിക്കാത്തവരുടെ വീടുകളിലെത്തി നിരന്തര ബോധവത്ക്കരണം നടത്തുന്നുണ്ട്. വി.ഇ.ഒ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ സഹായവുമുണ്ട്.

പോരായ്മകൾ പരിഹരിക്കണം

പാണ്ടാസ് എന്ന സ്വകാര്യ ഏജൻസിയാണ് പ്ലാസ്റ്റിക് സംസ്‌ക്കരണത്തിനായി ശേഖരിക്കുന്നത്. മാർച്ചിൽ 3558 . 78 കിലോയാണ് ശേഖരിച്ചത്.എം.സി.എഫിൽ നിലവിലുള്ള പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്.ശുചിമുറികളുടെയും കുടിവെള്ള ലഭ്യതയുടെയും പോരായ്മകളുണ്ട്. പുതിയ എം.സി.എഫ്. കെട്ടിട നിർമ്മാണം തുടങ്ങിയിട്ടുണ്ട്. എം. സി.എഫും ശുചിമുറികളും സ്ത്രീ സൗഹൃദമായിരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.