ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപകമായി തടികൾ മുറിച്ച് കടത്തുന്നു. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ നിന്നാണ് കൂടുതലായി മരം മുറിച്ചു കടത്തുന്നത്. വീടുകളിൽ നിന്ന് വിലയ്ക്ക് വാങ്ങിയാണ് തടികൾ കൊണ്ടു പോകുന്നതെങ്കിലും യാതൊരു നിയന്ത്രണവുമില്ലാതെ വൻ തോതിൽ വ്യാപകമായി മരംമുറിക്കുന്നത് ഭാവിയിൽ അത്യുഷണവും ജലക്ഷാമവും അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും. വിളവ് എത്താത്ത മരങ്ങൾ പോലും വ്യാപകമായി മുറിച്ചു മാറ്റുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള പ്ളൈവുഡ് ഫാക്ടറികളിലേക്കും ഫർണിച്ചർ നിർമ്മാണ ഫാക്ടറികളിലേക്കുമാണ് തടികൊണ്ടു പോകുന്നത്. നേരത്തേ റബർ, മഹാഗണി ,അക്ക്വേഷ്യ, മാഞ്ചിയം പോലുള്ള തടികളാണ് കൊണ്ട് പോയ്ക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങി എല്ലാ തരം നാട്ടുമരങ്ങളും മുറിച്ച് നീക്കുന്നുണ്ട്. ഇടനിലക്കാർ വീടുകളിലെത്തി തടികൾ വാങ്ങുകയും ഇവ മുറിച്ച് താത്കാലികമായി ആരംഭിക്കുന്ന ഡിപ്പോകളിൽ എത്തിക്കുകയും അവിടെ നിന്ന് വലിയ വാഹനങ്ങളിൽ കയറ്റി കൊണ്ടു പോവുകയുമാണ് ചെയ്യുന്നത്. കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള നിരവധി തടി ഡിപ്പോകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.