
 മാലിന്യവുമായി നഗരത്തിലെത്തുന്നത് 20 ഒാളം ലോറികൾ
കൊല്ലം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ദുർഗന്ധവും പകർച്ചാവ്യാധി ഭീതിയും ഉയർത്തി മാലിന്യ മാഫിയ. നേരത്തെ പീരങ്കി മൈതാനത്ത് തമ്പടിച്ചിരുന്ന മാലിന്യ മാഫിയ ഇപ്പോൾ ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള പ്രദേശവും വിഹാര കേന്ദ്രമാക്കിയിരിക്കുകയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ചിക്കൻ സ്റ്റാളുകൾ, ഇറച്ചിക്കടകൾ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ചെറിയ ലോറികളിൽ ശേഖരിക്കുന്ന മാലിന്യം പീരങ്കി മൈതാനം, ആശ്രാമം ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ പരിസരത്ത് വച്ചാണ് മാലിന്യ മാഫിയ വലിയ ലോറികളിലേക്ക് മാറ്രുന്നത്. രാപ്പകൽഭേദമന്യേ ദിനംപ്രതി ഇരുപതോളം ലോറികളാണ് മാലിന്യവുമായി ചിൽഡ്രൻസ് പാർക്കിന് സമീപം എത്തുന്നത്. ചെറുലോറികളിൽ നിന്ന് വലിയ ലോറികളിലേക്ക് മാറ്റുന്നതിനടിയിൽ വലിയ അളവിൽ മാംസാവശിഷ്ടങ്ങളിൽ നിന്നടക്കമുള്ള മലിനജലം സ്ഥലത്താകെ ചോർന്നൊലിക്കും. ഇവ കെട്ടിടക്കിടന്ന് ദുർഗന്ധം പരത്തുന്നതിന് പുറമേ പ്രാണികളും പെറ്റുപെരുകുകയാണ്.
സംസ്കരണത്തിനെന്ന പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഫീസ് വാങ്ങി ശേഖരിക്കുന്ന മാലിന്യത്തിന്റെ വലിയൊരു ഭാഗം നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ സംഘങ്ങൾ ഉപേക്ഷിക്കുന്നു. സംസ്കരണ കേന്ദ്രങ്ങൾക്ക് കൈമാറാനാകാത്തെ മാംസാവഷ്ടിങ്ങളും പൊതു സ്ഥലങ്ങളിലും ചിൽഡ്രൻസ് പാർക്കിന് സമീപവും പീരങ്കി മൈതാനത്തും ഉപേക്ഷിക്കുന്നുമുണ്ട്.
പാർക്കിലെത്തുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളും
മാലിന്യം ചീഞ്ഞഴുകിയുള്ള ദുർഗന്ധം ശ്വസിച്ച് പാർക്കിലെത്തിയ കുട്ടികളിൽ ചിലർക്ക് ഛർദിയും പാർക്കിലെ ജീവനക്കാരിൽ ഒരാൾക്ക് ശാരീരിക അസ്വാസ്ഥ്യവും അടുത്തിടെയുണ്ടായി. ചിൽഡ്രൻസ് പാർക്കിന് സമീപം പകൽ സമയത്താണ് മാലിന്യം ലോറികളിൽ നിന്ന് ലോറികളിലേക്ക് മാറ്റുന്നത്. നേരത്തെ കളക്ടർ ഇടപെട്ട് താക്കീത് ചെയ്തിട്ടുള്ളതിനാൽ പീരങ്കി മൈതാനത്ത് രാത്രികാലങ്ങളിലാണ് കണ്ടെയ്നർ ലോറികളിലേക്ക് മാലിന്യം മാറ്റുന്നത്.