ചാത്തന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ സമീപം എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റ് നിർമ്മിച്ചത് അനുമതിയില്ലാതെയാണെന്നുള്ള ചാത്തന്നൂർ പഞ്ചായത്തിന്റെ വാദം തെറ്റാണെന്ന് കെ.എസ്.ഇ.ബി. 2023 സെപ്തംബറിൽ എം.പി ഫണ്ട് ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അതേസ്ഥലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മറ്റൊരു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് പ്രശ്നത്തിൽ ഇടപെട്ടതോടെ സംഭവം വിവാദമായി.
പരാതിയാപ്പോൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തു. പഞ്ചായത്തിന്റെ വാദം തെറ്റായിരുന്നുവെന്നും പഞ്ചായത്ത് സമർപ്പിച്ച ഷെഡ്യൂൾ ടു എഗ്രിമെന്റ് പ്രകാരമാണ് ലൈറ്റ് സ്ഥാപിച്ചതെന്നും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. പരാതിയെ തുടർന്ന് ലൈറ്റ് അഴിച്ചുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ചാത്തന്നൂർ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയറോട് ആവശ്യപ്പെടുകയും തുടർന്ന് പഞ്ചായത്ത് തന്നെ ലൈറ്റുകൾ ഇളക്കി മാറ്റുകയും ചെയ്തു. സ്ഥാപിക്കാൻ ചെലവായ 60385 രൂപ കളക്ടറാണ് കെ.എസ്.ഇ.ബിയിൽ അടച്ചതെന്നും ഇളക്കി മാറ്റാൻ ചെലവായ 2042 രൂപ ചാത്തന്നൂർ പഞ്ചായത്താണ് കെട്ടിവച്ചതെന്നും മറുപടിയിൽ പറയുന്നു.
ആസൂത്രണത്തിന്റെ പിഴവാണ് പൊതു ഖജനാവിൽ നിന്ന് 62427 രൂപ നഷ്ടമാകാൻ കാരണമായത്. പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയവരിൽ നിന്ന് തുക ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി.ദിവാകരൻ ആവശ്യപ്പെട്ടു.