ksrtc

കൊല്ലം: കെ.എസ്. ആർ.ടി.സി കൊമേഴ്‌സ്യൽ വിഭാഗത്തിന് കീഴിലെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് വഴി പത്തുമാസം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് മൂന്ന്‌ കോടിയിലധികം രൂപയുടെ വരുമാനം.

അഞ്ച് ലക്ഷത്തിലധികം കൊറിയറുകളും പാഴ്‌സലുകളുമാണ് ഇതിനോടകം സംസ്ഥാനമൊട്ടാകെയുള്ള കൗണ്ടറുകൾ വഴി കൈമാറിയത്. ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിങ്ങനെ നാല് കൗണ്ടറുകളാണുള്ളത്.
മാർച്ച് 30വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ മാത്രം അരക്കോടിയിലധികം വരുമാനമാണ് ലഭിച്ചിട്ടുള്ളത്. 75000ൽ അധികം കൊറിയറുകളും പാഴ്‌സലുകളുമാണ് ജില്ലയിലെ നാല് കൗണ്ടറുകൾ വഴി കൈമാറിയത്.

വരുമാനത്തിൽ സംസ്ഥാന തലത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നിലവിൽ കൊല്ലം അഞ്ചാം സ്ഥാനത്താണ്.
നൂറ് ശതമാനം വളർച്ചയാണ് ആറ് മാസത്തിനുള്ളിൽ കരസ്ഥമാക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനമെങ്കിലും കൊല്ലം, കൊട്ടാരക്കര കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസ വേതനാടിസ്ഥാനത്തിൽ എം.പാനൽ ജീവനക്കാരെയാണ് കൗണ്ടറുകളിൽ നിയോഗിച്ചിരിക്കുന്നത്.
ദിവസവും 800ൽ അധികം പാഴ്സലുകളാണ് ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ നിന്നും അയയ്ക്കുന്നത്. ആയിരത്തിലധികം പാഴ്സലുകളാണ് ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്നത്.


ക്യൂവിൽ സ്വകാര്യ കൊറിയർ കമ്പനികളും

 സ്വകാര്യ കൊറിയർ കമ്പനികളും ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സിയെ
 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കും

 മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനം റേറ്റ് കുറവ്

 വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, കണ്ണടകൾ, കശുഅണ്ടി, പരമ്പരാഗത ഉത്പന്നങ്ങൾ എന്നിവയാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്

 ജില്ലയിൽ ഏറ്റവും അധികം കൊറിയറുകൾ അയയ്ക്കുന്നത് കൊല്ലത്തെ കൗണ്ടറിൽ

ശമ്പളം ലഭിച്ചിട്ട് ഒരുമാസം
നിലവിൽ കൊറിയർ സർവീസ് ലാഭത്തിലാണെങ്കിലും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇൻസെന്റീവും കുടിശികയാണ്.

കെ.എസ് ആർ.ടി.സിയുടെ നൂതന സംരംഭം സ്വകാര്യ കൊറിയർ കമ്പനികളും ഉപയോഗിക്കാൻ തുടങ്ങിയതാണ് വരുമാനം വർദ്ധിക്കാൻ കാരണം.

കെ.എസ്.ആർ.ടി.സി അധികൃതർ