 
കൊല്ലം: ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ മഹാസമാധി ശതാബ്ദി ആചരണത്തിന് തുടക്കമായി. പന്മന ആശ്രമത്തിലെ കെടാവിളക്കിൽ തെളിക്കാനുള്ള മഹാജ്യോതി ചട്ടമ്പിസ്വാമി തപസ് അനുഷ്ഠിച്ച മരുത്വാമലയിൽ നിന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ചു.
മരുത്വാമലയ്ക്ക് സമീപത്തെ ശ്രീനാരായണ ആശ്രമത്തിൽ ആരതി പൂജയോടെ മഹാജ്യോതിയെ വരവേറ്റു. പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്‌കുമാർ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സജിത്ത്, തളിയിൽ രാജശേഖരൻ പിള്ള, ശശികുമാർ, ജയകുമാർ രാജാറാം, കെ.ജി.ശ്രീകുമാർ, അശ്വനികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് അയ്യാ വൈകുണ്ഠസ്വാമിയുടെ സമാധിസ്ഥാനമായ സ്വാമിതോപ്പിൽ സ്വാമി ബാല പ്രജാപതി അടികളാർ ജ്യോതിപ്രയാണത്തെ ആശീർവദിച്ചു. നാഗർകോവിൽ വെള്ളിമല വിവേകാനന്ദ ആശ്രമം, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മാരകമായ അഭേദാശ്രമം എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.
ഇന്ന് രാവിലെ 6ന് ചട്ടമ്പിസ്വാമിയുടെ പ്രതിമയും ജ്യോതിയും വഹിച്ചുള്ള ജ്യോതിപ്രയാണം അഭേദാശ്രമത്തിൽ നിന്ന് സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലെ ജന്മസ്ഥാനക്ഷേത്രം അടക്കം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുതിയകാവ് നീലകണ്ഠ തീർത്ഥപാദാശ്രമം വഴി വൈകിട്ടോടെ പന്മന ആശ്രമത്തിൽ എത്തിച്ചേരും. സ്വാമി നിത്യസ്വരൂപാനന്ദ ദീപം ഏറ്റുവാങ്ങി പന്മന ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും.
മേയ് ഒന്നിന് രാവിലെ 10.30ന് സമാധി ശതാബ്ദി ആചരണ സമാരംഭ സഭ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സമാധി ശതാബ്ദി വാർഷിക ദിനമായ മേയ് 8ന് മഹാഗുരുബ്രഹ്മം സമാധി ശതാബ്ദി സഭ മുംബയ് രാമഗിരി ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദിസന്ദേശം നൽകും. ഒൻപത് ദിവസങ്ങളിലായി പന്മന ആശ്രമത്തിൽ നടക്കുന്ന മഹാസമാധി ശതാബ്ദി ആചരണ പരിപാടികളുടെ ഭാഗമായി വിവിധ സമ്മേളനങ്ങളും കലാവിരുന്നുകളും സംഘടിപ്പിക്കും.