കൊല്ലം: കോളേജിനുള്ളിൽ വച്ച് നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ഡേറ്റാസയൻസ് ബി.ടെക് വിദ്യാർത്ഥിനി ഉമയനല്ലൂർ പട്ടരുമുക്ക് പനച്ചിലഴികത്ത് വീട്ടിൽ സജീറിന്റെ മകൾ ഫാത്തിമ സജീറിനാണ് (19) പരിക്കേറ്റത്. കാറോടിച്ചിരുന്ന കിളികൊല്ലൂർ സ്വദേശി ആനന്ദിനെ (35) ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫാത്തിമയുടെ കാലിലെ മൂന്ന് വിരലുകൾക്ക് പൊട്ടലുണ്ട്. പരിക്കേറ്റ കുട്ടിയെ ആദ്യം പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം. കോളേജിൽ രണ്ട് ദിവസമായി നടക്കുന്ന എക്‌സ്‌പോ കാണാനെത്തിയതായിരുന്നു ഫാത്തിമ. വിദ്യാർത്ഥികളും സ്ഥലത്തുണ്ടായിരുന്ന പൊലീസും ചേർന്നാണ് ഫാത്തിമയെ ആശുപ്രതിയിലെത്തിച്ചത്. വൈദ്യ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പരാതി നൽകാത്തതിനാൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടില്ല.