കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് പസിഫിക് സീനിയർ ഐ.ഇ.ഇ.ഇ മെമ്പർ ഡോ.ഉത്കൽ മേത്ത ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെ.രജീഷ് അദ്ധ്യക്ഷനായി. സിസ്റ്റം മോഡലിംഗ് ആൻഡ് ഐഡന്റിഫിക്കേഷൻ, സാദ്ധ്യതകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയ വിഷയത്തെ ആസ്പദമാക്കി ഉദ്ഘാടകൻ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.ജെ.രജീഷ് മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി മുൻ പ്രിൻസിപ്പൽ ഡോ.എസ്.ജെ.ബിന്ദു കോൺഫറൻസ് പ്രോസഡിംഗ്സ് പ്രകാശനം ചെയ്‌തു. കേരളത്തിന് അകത്തും പുറത്തുനിന്നുമായി വിവിധ വിഷയങ്ങളിൽ 75 ഓളം പ്രബന്ധങ്ങൾ കോൺഫറൻസിൽ ലഭിച്ചതായി കൺവീനർമാരായ പ്രൊഫസർ എം.മുകുന്ദ കുമാർ, പ്രൊഫ.എ.ജി.ദിനു എന്നിവർ പറഞ്ഞു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫ. ടി.എസ്.പ്രദീപ് സ്വാഗതവും പ്രൊഫ.പി.എൽ.അരുൺ നന്ദിയും പറഞ്ഞു. സെമിനാർ ഇന്ന് അവസാനിക്കും.