പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂരിന് സമീപത്തെ ഒന്നേകാൽ നൂറ്റാണ്ട് കാലപ്പഴക്കം ചെന്ന വാളക്കോട് മേൽപ്പാലം നാശത്തിലേക്ക്. പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാലം വഴി കടന്ന് പോകുന്നത്.ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാവുന്ന പാലത്തിൽ കാൽനട യാത്രക്കാർക്ക് കടന്ന് പോകാൻ പോലും സൗകര്യമില്ലാത്തത് കാരണം കടുത്ത ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.
ചുവപ്പ് നാടയിൽ കുടുങ്ങി പുനർനിർമ്മാണം
പുനലൂർ-ചെങ്കോട്ട റെയിൽവെ ഗേജ് മാറ്റവേളയിൽ മേൽപ്പാലം പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങി. ശബരിമല തീർത്ഥാടന വേളയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് അയ്യപ്പഭക്തരുമായി എത്തുന്ന വാഹനങ്ങളും മേൽപ്പാലം വഴിയാണ് കടന്ന് പോകുന്നത്. ബ്രിട്ടീഷ്കാരുടെ കാലത്ത് പണികഴിപ്പിച്ച മേൽപ്പാത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച കൈവരികളുടെ ഉയരം കാലപ്പഴക്കത്തെ തുടർന്ന് കുറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് കരിങ്കല്ലിന് മുകളിൽ സ്ഥാപിച്ച ഇരുമ്പ് കൈവരികളും നശിച്ച് പോയി.
ബഹുജന ഭിക്ഷാടന മാർച്ച്
സംസ്ഥനത്തെ കാലപ്പഴക്കം ചെന്ന പാലങ്ങളെല്ലാം പുനർ നിർമ്മിച്ചെങ്കിലും വാളക്കോട് മേൽപ്പാലത്തോട് അധികൃതർ കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് പുനലൂർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഭിക്ഷാടന മാർച്ച് സംഘടിപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് എ.കെ.നസീർ, കെ.കെ.ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കലയനാട്ട് നിന്ന് ആരംഭിക്കുന്ന മാർച്ച് പ്രഭാഷകനായ ഹരി പത്തനാപുരം ഉദ്ഘാടനം ചെയ്യും. തുടർന്ന് വാളക്കോട്, ടി.ബി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ചെമ്മന്തൂരിൽ സമാപിക്കും. സമാപന സമ്മേളനം കവി സി.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. ബാബുതോമസ്,ആൽബിൻ പുനലൂർ, ഷാജി വാളക്കോട് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.