കൊല്ലം: മതങ്ങൾക്ക് അതീതമായ വിശ്വമാനവികതയുടെ സന്ദേശം ഉയർത്തി എസ്.എൻ.ഡി.പി യോഗത്തിന്റെയും കേരളകൗമുദിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം. യോഗത്തിന് കീഴിലുള്ള വിവിധ യൂണിയനുകളുടെ ഭാരവാഹികൾ, വനിതാസംഘം, ശാഖാ ഭാരവാഹികൾ, ശാഖ പ്രവർത്തകർ, യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ, പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന അടക്കം വിവിധ പോഷക സംഘടനകളുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങി നൂറുകണക്കിന് പേർ സമ്മേളനത്തിൽ പങ്കെടുത്തു.

അലുവ സർവമതസമ്മേളനം

കലാതിവർത്തി: പ്രസന്ന ഏണസ്റ്റ്

കലാതിവർത്തിയായ സന്ദേശമാണ് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1924ൽ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനം മുന്നോട്ടുവച്ചതെന്ന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഓരോ മതത്തിന്റെയും പേരിലുള്ള വാദപ്രതിവാദങ്ങളല്ല സർവമത സമ്മേളനത്തിൽ ഉയർന്നത്. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണെന്ന ബോദ്ധ്യപ്പെടുത്തലാണ് നടന്നത്. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയാണ്. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഒരു വിഭാഗം ഉപയോഗിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആലുവ സർവമത സമ്മേളനത്തിനും ഗുരുദേവദർശനത്തിനും ഏറെ പ്രസക്തിയുണ്ടെന്നും മേയർ പറഞ്ഞു.

ഗുരുദേവന്റെ ലക്ഷ്യം എല്ലാ മതങ്ങളും

പഠിപ്പിക്കൽ: ഡോ. ജി.ജയദേവൻ

എല്ലാ മത തത്വങ്ങളും ദർശനവും പഠിപ്പിക്കാനായാണ് ഗുരുദേവൻ ആലുവ സർവമത സമ്മേളനം സംഘടിപ്പിച്ചതെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണെന്ന് പലരും പറഞ്ഞു. പക്ഷെ എങ്ങനെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ സർവമത സമ്മേളനത്തിലൂടെ എല്ലാ മതദർശനങ്ങളും അവതരിപ്പിച്ച് സർവമത സാരവും ഏകമെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. പുതിയകാലത്തും ഇത്തരം ബോദ്ധ്യപ്പെടുത്തൽ ഉണ്ടാകണം. എല്ലാ മതദർശനങ്ങളുടെയും പഠനം സിലബസിന്റെ ഭാഗമാകണമെന്നും ഡോ. ജി.ജയദേവൻ പറഞ്ഞു.

സർവമത സമ്മേളന ദർശനം

ലോകമാകെ പരക്കണം: പി.സുന്ദരൻ

മതത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും ഉണ്ടാകുന്ന ഘട്ടത്തിൽ ഒരു നൂറ്റാണ്ട് മുമ്പ് ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന ആലുവ സർവമത സമ്മേളനത്തിന്റെ ദർശനം ലോകമാകെ പരക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. ഗുരുദേവന്റെ നേതൃത്വത്തിൽ സർവമത സമ്മേളനം നടന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം ഇന്ന് കാണുന്നത് പോലെയാകുമായിരുന്നില്ല. മത സങ്കുചിതവാദങ്ങൾക്ക് കേരളത്തിൽ അധികം വേരുറപ്പിക്കാനാകാത്തത് പലമതസാരവും ഏകമെന്ന ഗുരുദേവദർശനം മലയാള മനസുകളിൽ മുഴങ്ങുന്നത് കൊണ്ടാണെന്നും പി.സുന്ദരൻ പറഞ്ഞു.

സ്നേഹമായിരുന്നു ഗുരുദേവന്റെ

ഭാഷ: മോഹൻ ശങ്കർ

ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അതിക്രൂരമായ ചാതുർവർണ്യത്തെ ഗുരുദേവൻ അട്ടിമറിച്ചതെന്ന് എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം മോഹൻ ശങ്കർ പറഞ്ഞു. കൊടും ക്രൂരതകളെയും ഗുരു സ്നേഹത്തിന്റെ കുളിർക്കാറ്റ് പരത്തിയാണ് ഇല്ലാതാക്കിയത്. അത്തരത്തിൽ മതത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലുകളെയും കലാപശ്രമങ്ങളെയും ഇല്ലാതാക്കാൻ ഗുരുദേവൻ പെയ്യിച്ച കുളിർമഴയായിരുന്നു ആലുവ സർവമത സമ്മേളനം. ഗുരുദേവ ദർശനം പോലെ തന്നെ ഗുരുദേവന്റെ എല്ലാ സാമൂഹ്യ ഇടപെടലുകൾക്കും കാലം ചെല്ലുന്തോറും പ്രസക്തി വർദ്ധിച്ചുവരികയാണെന്നും മോഹൻ ശങ്കർ പറഞ്ഞു.

ഗുരുദേവൻ മതമൈത്രിയുടെ

മഹാപ്രവാചകൻ: എ.സോമരാജൻ

മതമൈത്രിയുടെ മഹാപ്രവാചകനായിരുന്നു ഗുരുദേവനെന്ന് എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം എ.സോമരാജൻ പറഞ്ഞു. ഗുരുദേവന്റെ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിലെ ഇന്നത്തെ സാമൂഹ്യാന്തരീക്ഷം ഇങ്ങനെ ആകുമായിരുന്നില്ല. ഗുരുദേവൻ ചാതുർവർണ്യത്തെ മാത്രമല്ല അട്ടിമറിച്ചത്. മതത്തിന്റെ പേരിൽ ആധിപത്യം ഉറപ്പിക്കാനും മറ്റുള്ളവരെ അടിച്ചമർത്താനുമുള്ള നീക്കങ്ങളെയും ഗുരുദേവൻ ബൗദ്ധികമായി ഇല്ലായ്മ ചെയ്യുകയായിരുന്നു. മതസംഘർഷങ്ങളും മതത്തിന്റെ പേരിലുള്ള കലാപങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശാന്തി മന്ത്രമായി ഗുരുദേവ ദർശനം ആഗോള തലത്തിൽ ചർച്ച ചെയ്യണമെന്നും എ.സോമരാജൻ പറഞ്ഞു.

സർവമത സമ്മേളനം പഠനവിഷയമാക്കണം:

എൻ. രാജേന്ദ്രൻ

ഗുരുദേവൻ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പഠന വിഷയമാക്കണമെന്ന് എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം എൻ.രാജേന്ദ്രൻ പറഞ്ഞു. മതത്തെക്കുറിച്ചുള്ള തെറ്റായ ബോദ്ധ്യങ്ങളും തെറ്റിദ്ധരിപ്പിക്കലുകളുമാണ് മതതീവ്രവാദ പ്രവർത്തനങ്ങൾക്കും മതസംഘർഷങ്ങൾക്കും ഇടയാക്കുന്നത്. ആലുവ സർവമത സമ്മേളനത്തിലൂടെ ഗുരുദേവൻ മുന്നോട്ടുവച്ച ദർശനം യുവതലമുറയെ ആഴത്തിൽ പഠിപ്പിച്ചാൽ മതത്തിന്റെ പേരിലുള്ള എല്ലാ ചൂഷണങ്ങളും തെറ്റായ പ്രവണതകളും തുടച്ചുനീക്കപ്പെടുമെന്നും എൻ.രാജേന്ദ്രൻ പറഞ്ഞു.