s

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി പരാജയപ്പെടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പറഞ്ഞതിലെ ചില കാര്യങ്ങൾ അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കോട്ടയം മണ്ഡലത്തിൽ നാലു ലക്ഷം ഈഴവ വോട്ടുകളുണ്ട്. എല്ലാ ഈഴവരും തുഷാറിന് വോട്ടു ചെയ്യില്ലെന്നാണ് പറഞ്ഞത്. അതിന്റെ അർത്ഥം അദ്ദേഹം തോൽക്കുമെന്നല്ല. മറ്റു വിഭാഗങ്ങളിലെ വോട്ടുകളും തുഷാറിന് കിട്ടും. എന്നാൽ ഈഴവരാരും തുഷാറിന് വോട്ട് ചെയ്യില്ലെന്ന് താൻ പറഞ്ഞുവെന്നാണ് പ്രചാരണം നടക്കുന്നത്. സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞതിന്റെ മുന്നിലും പിന്നിലുമുള്ള ഭാഗങ്ങൾ അടർത്തിമാറ്റിയാണ് പ്രചരിപ്പിക്കുന്നത്. സുരേഷ് ഗോപി തോൽക്കണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കാത്തതും ചിന്തിക്കാത്തതുമെല്ലാം ചില തല്പര കക്ഷികൾ തന്നെ ക്രൂശിക്കാനായി പ്രചരിപ്പിക്കുകയാണ്. ഇത് ആദ്യ സംഭവമല്ല, ആസൂത്രിത നീക്കത്തിന് പിന്നിൽ ആരാണെന്ന് അറിയാം.

എൽ.ഡി.എഫ് കൺവീനറായ ഇ.പി.ജയരാജൻ ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിൽ അക്കാര്യം പാർട്ടിയിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. കണ്ട ശേഷമെങ്കിലും റിപ്പോർട്ട് ചെയ്യാമായിരുന്നു. ഇത് രണ്ടും ചെയ്യാഞ്ഞതിനാൽ ഇ.പി ചെയ്തത് തെറ്റാണ്. തെറ്റ് ചെയ്തവരേക്കാൾ കണ്ടുപിടിച്ചു പറഞ്ഞവരെ കുറ്റക്കാരാക്കരുത്. ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്ന പേരിൽ അവരെ ക്രൂശിക്കരുത്. താൻ ആരുടെയും വക്താവല്ല. എൻ.ഡി.എ കഴിഞ്ഞ വർഷത്തേക്കാൾ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവുണ്ടാക്കും. എൻ.കെ.പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ല. അദ്ദേഹത്തെ കുറിച്ച് വേറെയൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഈ വിവാദം ശക്തമായത്. കൊല്ലത്ത് ആര് ജയിക്കുമെന്ന് എല്ലാവർക്കും അറിയാം. എം.മുകേഷ് ഈഴവനായതുകൊണ്ട് എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നില്ല. ഈഴവനാണെന്ന് ജനങ്ങൾക്ക് കൂടി ബോദ്ധ്യപ്പെടണം.

കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായതോടെ ആലപ്പുഴ മണ്ഡലത്തിൽ കടുത്ത മത്സരമായിരുന്നു. ശക്തമായി പോരാടിയ ശോഭ സുരേന്ദ്രനും വോട്ട് കൂടുതലായി കിട്ടും. അത് ആരെ എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ല. ഇന്ത്യ മുന്നണിയിൽ കക്ഷികൾ തമ്മിൽ യോജിപ്പില്ല. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്. ഐക്യത ഇല്ലാത്ത ഇന്ത്യ മുന്നണി എങ്ങനെ രാജ്യം ഭരിക്കുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.