കൊല്ലം: പോളയത്തോട് വിശ്രാന്തിക്ക് സമീപത്തെ സിഗ്നലിൽ നിറുത്തിയിട്ടിരുന്ന മിനിലോറിക്ക് മുകളിലേക്ക് മരം വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉമയനല്ലൂർ സ്പാർക്ക് മുക്ക് സ്വദേശി അൻസർ(50) ആണ് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 1.45നും 2നും ഇടയിലാണ് സംഭവം. അൻസർ ഓടിച്ചിരുന്ന ലോറി സിഗ്നൽ കാത്ത് കിടക്കുകയായിരുന്നു. സിഗ്നൽ ലഭിച്ച് വാഹനം മുന്നോട്ടെടുക്കുന്നതിനിടെയാണ് സമീപത്ത് നിന്നിരുന്ന കേടുവന്ന വാകമരം കടപുഴകി ലോറിക്ക് മുകളിലേക്ക് വീണത്. കേബിളുകൾ ഉൾപ്പെടെ പൊട്ടിവീണതിനാൽ നാട്ടുകാരാരും രക്ഷാപ്രവർത്തനത്തിന് എത്തിയില്ല. മരത്തിന്റെ വലിയ ചില്ലകളെല്ലാം ലോറിയുടെ പിൻഭാഗത്ത് വീണതിനാലാണ് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡ്രൈവർ ക്യാബിന് മുകളിൽ ചെറിയ ശിഖരങ്ങളാണ് പതിച്ചത്. സംഭവമറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഡ്രൈവർ ക്യാബിനിന്റെ വാതിൽ ചില്ല് തകർത്താണ് ഡ്രൈവറായ അൻസറിനെ രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് ജില്ലാആശുപ്രതിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽ ലോറി പൂർണമായും തകർന്നു. രണ്ട് മണിക്കൂറിലേറെയെടുത്താണ് മരചില്ലകൾ മുറിച്ച് മാറ്റിയത്. കടപ്പാക്കട ഫയർസ്‌റ്റേഷനിലെ ഗ്രേഡ് ഓഫീസർ സുനിൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറായ വിജേഷ്, വിഷ്ണു, രഞ്ജിത്ത്, സന്തോഷ്, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.