
കൊല്ലം: മതവിദ്വേഷത്തിനും മതസംഘർഷങ്ങൾക്കുമെതിരായ സ്നേഹത്തിന്റെ മഹാമന്ത്രമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും കേരളകൗമുദിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്തെ യോഗം ആസ്ഥാനത്ത് സംഘടിപ്പിച്ച ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസംഘർഷവും മതപരിവർത്തനവും ശക്തമായ കാലഘട്ടത്തിലാണ് ഗുരുദേവൻ ആലുവ സർവമത സമ്മേളനം സംഘടിപ്പിച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും, നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയരാക്കപ്പെടുകയും ചെയ്ത മലബാർ കലാപം ഗുരുദേവന്റെ മനസിൽ വല്ലാത്ത വേദന സൃഷ്ടിച്ചു. ചാതുർവർണ്യത്തിന്റെ കിരാത നിയമങ്ങൾ സഹിക്കാനാകാതെ ഒരു വിഭാഗം ഹിന്ദുമതം ഉപേക്ഷിച്ചു.മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായും വ്യാപകമായി മതപരിവർത്തനം നടന്നു. ഈ സഹാചര്യത്തിൽ ആലുവ സർവമത സമ്മേളനത്തിലൂടെ എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണെന്ന് ഗുരുദേവൻ ബോദ്ധ്യപ്പെടുത്തി. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ മതേതര മാനവികത കേരളത്തിൽ രൂപപ്പെട്ടതിന് പിന്നിലും ആലുവ സർവമത സമ്മേളനത്തിന് നിർണായക സ്ഥാനമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എ.സോമരാജൻ, എൻ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരം ചടങ്ങിൽ സമ്മാനിച്ചു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ സ്വാഗതവും, കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.
അശാന്തി ഇല്ലാതാക്കി:
സ്വാമി ശുഭാംഗാനന്ദ
മത മണ്ഡലത്തിലെ ആശാന്തികൾ ഇല്ലാതാക്കുകയായിരുന്നു ഗുരുദേവന്റെ ലക്ഷ്യമെന്ന്
സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.ആലുവ സർവ മത സമ്മേളനത്തിൽ വച്ചാണ് പല മതസാരവും ഏകമെന്ന വിശ്വമാനവികതയുടെ മഹാസന്ദേശം ഗുരുദേവൻ ലോകത്തിന് സമ്മാനിച്ചത്. എല്ലാ മതങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ടാൽ മതമണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും ഗുരുദേവൻ ബോദ്ധ്യപ്പെടുത്തി.കേരളത്തിലും മതതീവ്രവാദവും മതപരിവർത്തനവാദവും ശക്തിപ്പെടുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ് ഗുരുദേവന്റെ മാനവിക സന്ദേശങ്ങളെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.