കൊല്ലം: കൊല്ലം സ്വദേശിനിയായ റെയിൽവേ ജീവനക്കാരിയെ തമിഴ്നാട് കൂടൽ നഗറിൽ വച്ച് മോഷ്ടാവ് ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. റെയിൽവേയിൽ ചെയിൻ മാനേജരായ കൊല്ലം കടവൂർ ഗീതാസിൽ രാഖിയാണ് ആക്രമണത്തിന് ഇരയായത്.

ദിണ്ടിഗൽ തിരുനെൽവേലി എക്സ്‌പ്രസ് ഇന്നലെ വൈകിട്ട് മൂന്നരയോടെ തമിഴ്നാട് കൂടൽ നഗറിൽ എത്തിയപ്പോഴായിരുന്നു സംഭവം. സിഗ്നൽ കിട്ടാനായി ട്രെയിൻ സ്ഥലത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു. രാഖി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒഴിഞ്ഞ ഗുഡ്സ് യാർഡിലേക്ക് പെട്ടെന്നൊരാൾ ഇരച്ചുകയറി ബാഗുകൾ തട്ടിയെടുക്കാൻ ശ്രമിച്ചു. രാഖി ബാഗുമായി പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് പിന്തുടർന്നു. രണ്ട് ബാഗുകളും തട്ടിയെടുത്ത മോഷ്ടാവ് ഫോണും പിടിച്ചുപറിച്ചു. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. തലയുടെ പിൻഭാഗത്തും മർദ്ദിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ട്രാക്കിലൂടെ രാഖി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിനിലെ അസി. ലോക്കോ പൈലറ്റ് ഉടൻ സ്ഥലത്തെത്തി രാഖിയെ എൻജിൻ യാർഡിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് മധുര റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഖിയുടെ തലയുടെ മുൻഭാഗത്ത് നാല് തുന്നലുണ്ട്. പിൻഭാഗത്ത് ചതവുണ്ട്. നിലവിൽ മധുര റെയിൽവേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മോഷ്ടാവിനായി മധുര പൊലീസും റെയിൽവേ പൊലീസും തെരച്ചിൽ ഊർജ്ജിതമാക്കി.