കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്നാം പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ അനുപമയുടെ ജാമ്യാപേക്ഷ കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് തള്ളി. കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കാൻ കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു.
അനുപമയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വിശദമായ വാദം കോടതി കേട്ടു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാദ്ധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനസമ്പാദ്യം നടത്തണമെന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങളിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ ശക്തമായ കേസാണ് നിലനിൽക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പഠനം തുടരണമെന്നാവശ്യപ്പെട്ടാണ് അനുപമ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായിട്ടായിരുന്നു പ്രതികളിലൊരാൾ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്ക് ശേഷം മൂന്നാം പ്രതിയായ അനുപമയ്ക്ക ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കസ്റ്റഡിയിൽ കഴിയവെ തന്നെ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിലെ ഒന്നും രണ്ടും പ്രതികളായ അനുപമയുടെ മാതാപിതാക്കളായ പത്മകുമാറും അനിതയും ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ കോടതിയിൽ ഹാജരായി.