ആകെ ബോട്ടുകൾ - 3
കേടായത് - 2
കൊല്ലം: ജലഗതാഗത വകുപ്പിന്റെ കൊല്ലത്തെ മൂന്ന് യാത്രാ ബോട്ടുകളിൽ രണ്ടെണ്ണവും പണിമുടക്കിയതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി അഷ്ടമുടി കായലിന്റെ തീരത്തുള്ള ആയിരങ്ങൾ ഗതാഗത മാർഗമില്ലാതെ വലയുന്നു.
ജലഗതാഗത വകുപ്പിന്റെ കുരീപ്പുഴ - പ്ലാവറ ബോട്ട് സർവീസ് നിലച്ചിട്ട് ഒന്നരയാഴ്ചയും സാമ്പ്രാണിക്കോടി ഫെറി മുടങ്ങിയിട്ട് രണ്ടാഴ്ചയും പിന്നിടുകയാണ്. കടവൂർ, കുരീപ്പുഴ, പാണാമുക്കം, വഞ്ചിപ്പുഴ, പ്ലാവറ ഭാഗങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു കുരീപ്പുഴ- പ്ലാവറ ബോട്ട് സർവീസ്.
രാവിലെ 6ന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ടേകാൽ വരെ 18 ട്രിപ്പുകൾ ഒരു ദിവസം നടത്തുമായിരുന്നു. ഇതിൽ സാമ്പ്രാണിക്കോടിയിലേക്ക് പോയിരുന്ന നാല് ട്രിപ്പുകളിൽ നിരവധി വിനോദ സഞ്ചാരികളും പതിവായി ഉണ്ടാകുമായിരുന്നു. സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളി, കാവനാട്, വള്ളക്കടവ്, പതിനെട്ടാംപടി, മാമൂട്ടിൽ കടവ്, കുരീപ്പുഴ പാണാമുക്കം, വഞ്ചിപ്പുഴ, പ്ലാവറ എന്നിവിടങ്ങളിലേക്ക് പോയിരുന്ന സാമ്പ്രാണിക്കോടി ഫെറി സർവീസ് ഈ ഭാഗങ്ങളിലുള്ളവർക്ക് കൊല്ലം നഗരത്തിലും തിരിച്ചും എത്താൻ ഏറെ പ്രയോജനകരമായിരുന്നു.
അറ്റകുറ്റപ്പണികളും വൈകുന്നു
തൃക്കുന്നപ്പുഴ പാലത്തിന് അടിയിൽ ചെളി മൂടിയതിനാൽ ആലപ്പുഴയിലെ യാർഡിലേക്ക് ബോട്ടുകൾ കൊണ്ടുപോകാൻ കഴിയുന്നില്ല
ആലപ്പുഴയിൽ നിന്നുള്ള ജീവക്കാരെത്തി അറ്രകുറ്റപ്പണി നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കുരീപ്പുഴ- ക്ലാവറ ബോട്ട് മുങ്ങി
കായൽ തീരങ്ങളിലെ തൊഴിലാളികളും ജോലിക്ക് പോകുന്നവരും ഈ സർവീസുകളെയാണ് ആശ്രയിച്ചിരുന്നത്
സുരക്ഷിതമല്ലാത്ത അനധികൃത സർവീസുകളാണ് ഇപ്പോൾ ആശ്രയം
നൽകേണ്ടിവരുന്നത് കൂടുതൽ തുക
ബോട്ടുകൾ ആലപ്പുഴയിലെ യാർഡിലേക്ക് കൊണ്ടുപോകുന്നതിന് തടസമുണ്ടെങ്കിൽ
നീണ്ടകര, ശക്തികുളങ്ങര, കാവനാട് എന്നിവിടങ്ങളിലെ സ്വകാര്യ യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തണം. ഇതിനുള്ള ഇടപെടൽ ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ഉണ്ടാകണം.
പി.ജെ.ഷൈൻകുമാർ, ജില്ലാ പ്രസിഡന്റ്
വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോ.