കൊല്ലം: ജനവാസ മേഖലയിൽ കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനകീയ സമിതി . ചവറ താന്നിമൂട് വാർഡിലാണ് കള്ളുഷാപ്പ് തുടങ്ങാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിച്ച് രംഗത്തുണ്ട്. പ്രായമായവരും കുട്ടികളും അസുഖ ബാധിതരുമടക്കം നിരവധിപ്പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. മുൻപ് മറ്റൊരു ഭാഗത്താണ് കള്ളുഷാപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ സമീപത്ത് സ്കൂൾ ഉള്ളതിനാൽ അവിടെ നിന്നും മാറ്റി ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗത്തേക്ക് സ്ഥാപിക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയായിരുന്നെന്നും രഹസ്യമായി അതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ജനകീയസമിതി പറയുന്നു. സ്ത്രീകടക്കം നിരവധിപ്പേർ ജോലികഴിഞ്ഞും മറ്റും മടങ്ങുന്ന ഇടവഴിയിലാണ് ഷാപ്പ് വരുന്നത്. എഴുപതിലധികം വീടുകളാണ് ഇവിടെ ഉള്ളത്.
ഷാപ്പിന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എം.ബി.രാജേഷിനും ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എയ്ക്കും എക്സൈസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. ചവറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. ജനവാസ മേഖലയിൽ നിന്നും ഷാപ്പ് മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും കൂട്ടായ്മയും ആവശ്യപ്പെട്ടു.