കൊല്ലം: കനത്ത ചൂടിൽ ഉരുകിയൊലിക്കുകയാണ് ജനം. അടിയന്തരാവശ്യങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. ദിവസങ്ങളായി 38നും 40നും ഇടയിലാണ് ജില്ലയിലെ താപനില. അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവാണ് കൂടുതൽ വലയ്ക്കുന്നത്.
പാലക്കാടിനും തൃശൂരിനും പുറമേ ജില്ലയിലും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലയിൽ നിലവിൽ മഞ്ഞ് അലർട്ടാണ്.
കഴിഞ്ഞ ദിവസം പുനലൂരിൽ 40 ഡിഗ്രിയായിരുന്നു ചൂട്.
രാത്രിയിലും പുലർച്ചെയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് പുനലൂരിലാണ്. വേനൽ മഴയിലുണ്ടായ കുറവും ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചുടിന് കുറവില്ല. കടലും ചുട്ടുപഴുത്തതോടെ മത്സ്യലഭ്യതയും കുറഞ്ഞു. ജില്ലയിൽ പുനലൂരിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ സൂര്യാതപവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് രണ്ടാം വാരമേ വേനൽമഴ ലഭിക്കാൻ സാദ്ധ്യതയുള്ളുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മുന്നറിയിപ്പുമായി കളക്ടർ
താപനില 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തിൽ അതീവജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ്. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ നിർദ്ദേശങ്ങൾ പാലിക്കണം.