
കൊല്ലം: അധഃസ്ഥിതരെ അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ മഹാനാണ് ആർ.ശങ്കറെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ് അഭിപ്രായപ്പെട്ടു. ശ്രീനാരായണ കോളേജ് കൊല്ലം അലുംനി അസോസിയേഷന്റെ (സ്‌നാക്കാ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 116-ാമത് ആർ.ശങ്കർ ജയന്തി ആഘോഷ സമ്മേളനം കൊല്ലം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ശങ്കറിന്റെ പേരിൽ സാക്ക ഏർപ്പെടുത്തിയ 'ആർ.ശങ്കർ വിദ്യാഭ്യാസ അവാർഡ്' കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും പ്രഭാഷണകനുമായ ഡോ.എം.ശാർങധരന് ഡോ.ജഗതിരാജ് സമ്മാനിച്ചു. കൊല്ലം എസ്.എൻ.കോളേജ് മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.എസ്.സുര്യദാസ്, പ്രൊഫ.കെ.ശശികുമാർ, ഡോ.എം.സുഷമാദേവി, ഡോ.അനിതാശങ്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്നാക്ക പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. പത്തനാപുരം ഗാന്ധിഭവൻ സാരഥി ഡോ.പുനലൂർ സോമരാജൻ ആർ.ശങ്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. സ്‌നാക്ക വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ജി.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. സ്നാക്ക ട്രഷറർ പി.രഘുനാഥൻ, ഡോ.എം.ശാർങ്ധരൻ, പ്രൊഫ.എസ്.സൂര്യദാസ്, പ്രൊഫ.കെ.ശശികുമാർ, ഡോ.എ.സുഷമാദേവി, ഡോ.സി.അനിതാശങ്കർ, വൈസ് പ്രസിഡന്റ് കെ.അംബേദികർ എന്നിവർ
സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും സെക്രട്ടറി അപ്‌സര എ.കെ.ശശികുമാർ നന്ദിയും പറഞ്ഞു. പ്രൊഫ.പി.ജെ.അർച്ചന ഗുരുസ്‌മരണ നടത്തി.