കൊല്ലം: നാട്ടാന പരിപാലനം ശില്പശാല നാളെ കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ.എം.പി രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും ജന്തു ദ്രോഹ നിവാരണ സമിതിയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ആനകളുടെ ക്ഷേമത്തിനും മറ്റുമായി സമഗ്ര നിയമനിർമ്മാണം നടത്താൻ സർക്കാരിനെ സഹായിക്കുന്ന രീതിയിലാണ് ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്. നാട്ടാനകളെ പരിപാലിക്കുന്ന പാപ്പാന്മാർ, ആന ഉടമസ്ഥർ, വെറ്ററിനറി ഡോക്ടർമാർ, നിയമപാലകർ, വനം - വന്യജീവി സ്‌നേഹികൾ, ഗവേഷകർ, എസ്.പി.സി.എ പ്രതിനിധികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ കൂട്ടായ ചർച്ചകളും വിശകലനങ്ങളും ശില്പശാലയിലുണ്ടാകും. നാട്ടാന പരിപാലന നിയമത്തിൽ പ്രായോഗിക തലത്തിലുള്ള പോരായ്മകളും അപാകതകളും ശില്പശാല ചർച്ച ചെയ്യുമെന്ന് ഭാരവാഹികളായ എസ്.പി.സി.എ.ജില്ലാ സെക്രട്ടറി ഡോ.ബി.അരവിന്ദ്, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്യാം സുന്ദർ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സെക്രട്ടറി ഡോ. എസ്.അഫ്‌സൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.