
കൊല്ലം: ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയുടെ ഭാഗമായി മരുത്വാമലയിൽ നിന്ന് പുറപ്പെട്ട മഹാഗുരുജ്യോതി പ്രയാണത്തെ ഭക്തിലഹരിയോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരിച്ചു. രാവിലെ തിരുവനന്തപുരം അഭേദാശ്രമത്തിൽ നിന്ന് തിരിച്ച മഹാഗുരുജ്യോതി ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര, പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി കണ്ണന്മൂല വിദ്യാധിരാജ ക്ഷേത്രത്തിലെത്തിയപ്പോൾ നിരവധി ഭക്തർ ആരാധനയ്‌ക്കെത്തി.
കാര്യവട്ടം, ശ്രീകാര്യം, കഴക്കൂട്ടം എന്നിവിടങ്ങളിലെ പൂജകൾക്ക് ശേഷം ചെങ്കോട്ടുകോണം ആശ്രമം, പോത്തൻകോട് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. തുടർന്ന് കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലും സദാനന്ദപുരം അവധൂതാശ്രമത്തിലും നടന്ന മഹാഗുരുപൂജയ്ക്ക് ശേഷം കരിമ്പിൻപുഴ ആശ്രമം, വെണ്ടാർ, പുത്തൂർ, ഭരണിക്കാവ് ശാസ്താംകോട്ട, ഗുരുകുലം മൈനാഗപ്പള്ളി, പുതിയകാവ് നീലകണ്ഠ തീർത്ഥപാദാശ്രമം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ മഹാഗുരുപൂജ ഏറ്റുവാങ്ങി.
തുടർന്ന് കണ്ണൻകുളങ്ങര ഭഗവതിക്ഷേത്രത്തിൽ നടന്ന സ്വീകരണ സമ്മേളനം സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എം.സീനത്ത്, ജയകുമാർ രാജാറാം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന മഹാ ഗുരുജ്യോതി പ്രയാണ പദയാത്ര ഡോ. സുജിത്ത് വിജയൻ പിള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. പന്മന ആശ്രമത്തിൽ എത്തിച്ച മഹാഗുരുജ്യോതി, സ്വാമി നിത്യസ്വരൂപാനന്ദ ഏറ്റുവാങ്ങി കെടാവിളക്കിലേക്ക് പകർന്നു.