കൊല്ലം: കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്തമായ വേനൽ മഴപെയ്തു. ഇന്നലെ വൈകിട്ട 4.30ന് പെയ്ത മഴ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിൽ ചടയമംഗലത്ത് നാശനഷ്ടം ഉണ്ടാവുകയും കുണ്ടറയിൽ ഒരാൾ മരിക്കുകയും ചെയ്തു. ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 3.30ന് കള്ളിക്കാട് മുത്താരമ്മൻ ക്ഷേത്രത്തിന് സമീപത്തെ ചെറുകുന്നം കുന്നുംപുറത്ത് വീട്ടിൽ ശാന്തയുടെ വീടാണ് കത്തിനശിച്ചത്.

വീടിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വയറിംഗും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തിനശിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ശാന്ത തൊഴിലുറപ്പ് ജോലിയിലായിരുന്നു. ഇവരുടെ മകനും കുടുംബവും മകന്റെ ഭാര്യ വീട്ടിലായിരുന്നു. അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചതനുസരിച്ച് ചടയമംഗലത്ത് നിന്ന് ഫയർഫോഴ്‌സെത്തി മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം ശക്തമായ ഇടിമിന്നലിലും മഴയിലും ശാസ്താംകോട്ട കുന്നത്തൂരിൽ പലയിടത്തും ആലിപ്പഴവർഷം ഉണ്ടായി. കുന്നത്തൂർ, പനന്തോപ്പ്, പോരുവഴി എന്നിവിടങ്ങളിലാണ് ആലിപ്പഴ വർഷമുണ്ടായത്. ആലിപ്പഴം വീഴ്ച നാട്ടുകാർക്ക് കൗതുകകാഴ്ചയായി.

കനത്ത മഴയിൽ ദേശീയപാത ആറുവരി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രധാന ജംഗ്ഷനുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴികളിലെല്ലാം വെള്ളം നിറഞ്ഞ് റോഡിലേക്ക് ഒഴുകിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായത്. ചാത്തന്നൂർ, മേവറം, കടവൂർ, കുരീപ്പുഴ എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത തടസമുണ്ടായത്.

മണിക്കൂറുകളെടുത്താണ് പൊലീസ് ഗതാഗതം സുഗമമാക്കിയത്. ഇന്നലെ വൈകിട്ട് 5.30ന് അമൃതകുളത്ത് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി ചില്ലകൾ റോഡിൽ നിന്ന് നീക്കി. ഇടിമിന്നൽ ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇടിമിന്നൽ ജാഗ്രത നിർദേശവും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി.