പാരിപ്പള്ളി: തിരഞ്ഞെടുപ്പ് ജോലിയിലേർപ്പെട്ട ബൂത്ത്‌ ലെവൽ ഓഫീസർമാർക്ക്‌ (ബി.എൽ.ഒ )വേതനം ഇതുവരെയും ലഭിച്ചില്ലെന്ന് പരാതി. ഒരു വർഷം ബി.എൽ.ഒ ആയി ജോലി ചെയ്യുമ്പോൾ 7200 രൂപയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അധികമായി 900 രൂപയാണ് ലഭിക്കുക. വോട്ടർ പട്ടികപട്ടിക ശുദ്ധീകരണം മുതൽ വോട്ടെടുപ്പ് ദിവസം ബൂത്തിൽ വോട്ടർ അസിസ്റ്റന്റ് വരെയായി മൂന്നു മാസക്കാലത്തോളമായിരുന്നു ബി.എൽ.ഒമാരുടെ ജോലി. ചൂട് കൂടിയ കാലാവസ്ഥയിൽ ഒരാഴ്ചയിൽ കൂടുതൽ സമയമെടുത്താണ് സ്ലിപ്പുകൾ വീടുകളിൽ എത്തിച്ചത്. ബി.എൽ.ഒമാരിൽ ഭൂരിപക്ഷവും അങ്കണവാടി പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അടിയന്തിരമായി വേതനം നൽകണമെന്നാണ് ഇവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്ത മറ്റ് ജീവനക്കാർക്കെല്ലാം വേതനം ലഭിച്ചു.