കൊല്ലം: കലയപുരം അന്തമൺ എന്ന സ്ഥലത്ത് തുണ്ടിൽ വീട്ടിൽ മനുരാജ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട പണ്ടാരവിളയിൽ ശശി, ബാബു, ചന്ദ്രൻ എന്നിവരെ കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്.സുബാഷ് വെറുതെ വിട്ടു. മരണപ്പെട്ട മനുരാജിനെ പ്രതികൾ ചേർന്ന് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം അടുത്തുള്ള പാറക്കുളത്തിൽ ഉപേക്ഷിച്ചു എന്ന് അരോപിച്ചാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. എന്നാൽ കേസ് സംശയാതീതമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിയാത്ത കാരണത്താലാണ് പ്രതികളെ വിട്ടയച്ചത്. പ്രതികൾക്ക് വേണ്ടി കൊല്ലം ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിലെ അഭിഭാഷകരായ ചവറ ജി.പ്രവീൺകുമാർ, കല്ലുംതാഴം വി.കെ.ഉണ്ണികൃഷ്‌ണൻ , പ്രിയ ജി.നാഥ് എന്നിവരും മൂന്നാം പ്രതിക്ക് വേണ്ടി പാറങ്കോട് സജുകുമാറും കോടതിയിൽ ഹാജരായി.