കരുനാഗപ്പള്ളി : അനധികൃത മദ്യക്കച്ചവടക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ച് നൽകി ഡബിൾ ഏജന്റായി പ്രവർത്തിക്കുന്ന പാവുമ്പ സന്ദീപ് എക്സൈസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ സന്ദീപിനെ എക്സൈസ് ആഴ്ചകളായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പാവുമ്പ എരോട്ട് പാലത്തിന്റെ സമീപത്ത് നിന്ന് 13 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായിട്ടാണ് സന്ദീപിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ വൈ.സജികുമാർ, ബി.സന്തോഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, ശ്യാംദാസ്, എച്ച്.ചാൾസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ഒന്നാം തീയതി കച്ചവടത്തിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് പ്രതി പിടിയിലായത്..
മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം, വിതരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് - 04762630831, 9400069456.