
മനുഷ്യരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും ശാസ്ത്ര പുരോഗതിയ്ക്കും ലോകത്തിനു വേണ്ടി ഭാരതം നൽകിയ സംഭാവനകൾ ചരിത്ര സത്യമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളം ഭൂമിയിലെ ചരാചരങ്ങളുടെ ആരോഗ്യത്തിനു വേണ്ടി സമർപ്പിച്ചത് ആയുർവേദമായിരുന്നു. ആയുർവേദത്തിന്റെ ഈറ്റില്ലമായ ഈ നാട് പോലെ സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ മറ്റൊരു ഇടമില്ല. പ്രളയവും വെള്ളപ്പൊക്കവും വരൾച്ചയും കടലേറ്റവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും ലോകാരോഗ്യത്തിനായി പ്രതീക്ഷയുടെ കൈത്തിരികൾ കെട്ടുപോകാതെ ആയുർവേദം ഇവിടെ, കരുത്തോടെ ശേഷിക്കുന്നു.
കൊവിഡാനന്തരം ആയുർവേദത്തിന് ലോകത്തുണ്ടായ സ്വീകാര്യത തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. കൂടുതൽ ലോക രാജ്യങ്ങളിൽ ആയുർവേദത്തിന് ചികിത്സാനുമതിയായി. മരുന്നുകൾ കയറ്റി അയ്ക്കുന്നതിന് വഴിയൊരുങ്ങി. ആയുഷ് വിസയുടെ നിബന്ധനകൾ ലഘൂകരിച്ചതാേടെ കൂടുതൽ വിദേശികൾ കേരളത്തിലെത്താനും തുടങ്ങി. തെളിവു സഹിതം ആയുർവേദത്തിന്റെ ഫലസിദ്ധി ലോകത്തിന് മുൻപിൽ സമർത്ഥിക്കുക എന്നതാണ് എന്നും ആയുർവേദം നേരിടുന്ന വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്ത്, ആധുനിക വൈദ്യ ചികിത്സയിൽ, ആയുർവേദത്തിന്റെ അപൂർവ്വ സിദ്ധികൾ പ്രയോജനപ്പെടുത്തുന്നത് മുഖ്യപ്രമേയമാക്കി ഒരു മണിക്കൂർ ദൈർഘൃമുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററി ഒരുങ്ങുന്നുണ്ട്.
ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ആയുർവേദത്തെ ലോകാരോഗ്യപദ്ധതിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാൻ ലക്ഷ്യമിട്ടാണ് "ആയുർവേദ - ദി ഡബിൾ ഹെലിക്സ് ഓഫ് ലൈഫ് " ഡോക്യുമെന്ററി ഒരുക്കുന്നത്. എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി.അനൂപ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റും സംവിധാനവും വിനോദ് മങ്കരയാണ്. ആയുർവേദത്തിനു മാത്രമായി ചികിത്സിക്കാൻ കഴിയുന്ന രോഗങ്ങളെക്കുറിച്ചുള്ള അറിവിന്റെയും ചികിത്സാ പ്രയോഗത്തിന്റെയും പ്രചാരണം, നിലവിലുള്ള ചികിത്സാ പദ്ധതികളുമായി ആയുർവേദത്തിന്റെ വിദഗ്ദ്ധമായ ഏകോപനം, ആധുനിക റോബോട്ടിക് സർജറിയിലും മറ്റും ഈ ചികിത്സാ രീതിയുടെ വിജയകരമായ മുന്നേറ്റം, പുതിയ ഗവേഷണതലങ്ങളുടെ വളർച്ച, ആയുർവേദ മരുന്നുകൾ ലോകത്താകമാനം എത്തിക്കുന്നതിലെ തടസങ്ങൾ ഒഴിവാക്കൽ, നിയമ നിർമ്മാണത്തിലും വിതരണരംഗത്തും അവശ്യം വേണ്ട മാറ്റങ്ങൾ എന്നിവ ആഴത്തിലും പരപ്പിലും ചർച്ച ചെയ്യുന്നതായിരിക്കും ചിത്രം. ഇനിയും കണ്ടെത്താത്ത ആയുർവേദത്തിന്റെ അത്ഭുതസിദ്ധിയെ മറ്റു ചികിത്സാ പദ്ധതികൾക്കു മുന്നിൽ വെളിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ചിത്രം മുന്നോട്ടുവയ്ക്കുന്നു.
വിദേശരാജ്യങ്ങളിൽ ആയുർവേദത്തിന്റെ സ്വീകാര്യത കൂടിവരികയാണ്. ലോകത്തിനുമുന്നിൽ ആയുർവേദത്തിന്റെ ഫലസിദ്ധി എന്താണെന്ന് തെളിവുകളോടെ സമർത്ഥിക്കുന്ന ചിത്രമാകും ഇതെന്നും ആയുർവേദത്തിനുവേണ്ടി നാടിന്റെ സമർപ്പണം കൂടിയാണെന്നും ഡോ. എ.വി.അനൂപ് വ്യക്തമാക്കുന്നു.
വിദേശഡോക്ടർമാരും
പങ്കാളികളാകും
ഇന്ത്യയ്ക്കു പുറമേ യൂറോപ്പ്, അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടർമാരും വൈദ്യരംഗത്തെ ശാസ്ത്രജ്ഞരും പങ്കാളികളാകും. ഏഴു രാജ്യങ്ങളിൽ ചിത്രീകരണം തുടരും. ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധരും പങ്കെടുക്കും. ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് പ്രദർശിപ്പിക്കും. ചിത്രകാരൻ രാജാ രവിവർമ്മയെക്കുറിച്ചുള്ള ഇംഗ്ലീഷ് ചിത്രം"ബിഫോർ ദി ബ്രഷ് ഡോപ്ഡ് ", ഐ.എസ്.ആർ.ഒയുടെ ചൊവ്വ പര്യവേക്ഷണമായ മംഗൾയാൻ ദൗത്യത്തെക്കുറിച്ചുള്ള സംസ്കൃത ഡോക്യുമെന്ററിയായ "യാനം" എന്നിവയ്ക്കു ശേഷമാണ് വിനോദ് മങ്കരയും ഡോ. എ.വി.അനൂപും ഒരുമിക്കുന്നത്.
"യാനം" ലോക സിനിമാചരിത്രത്തിൽ സംസ്കൃതത്തിൽ നിർമ്മിച്ച ആദ്യ ശാസ്ത്രചിത്രമാണ്. 2022ൽ നിർമ്മിച്ച ചിത്രം ഇന്ത്യൻ പനോരമയിൽ ഇടം നേടി. നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച് 17പുരസ്ക്കാരങ്ങളും നേടി.
ഇനിയും
സാദ്ധ്യത
ഔഷധസസ്യങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാ ശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലേറെ വ്യക്തമാകും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ മരുന്ന് നിർമ്മാണത്തിനു പോലും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് കേരളത്തിലുണ്ട്. അതൊഴിവാക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടതുണ്ട്.
ജീവിതശൈലീ രോഗങ്ങൾ പറഞ്ഞു തഴകിയ പ്രയോഗമാണെങ്കിലും കൊവിഡ് മഹാമാരിയേക്കാൾ അത് ഭീകരമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡാനന്തര ലോകത്തെ വെല്ലുവിളിയും ജീവിതശൈലീ രോഗങ്ങൾ തന്നെ. ശരീരത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് ശക്തിയും ആർജ്ജവവും പകരാൻ യോഗയും ആയുർവേദവും പരമ്പരാഗത ഭക്ഷണരീതികളും പ്രകൃതി ചികിത്സാ മാർഗങ്ങളുമെല്ലാം നൽകുന്ന സംഭാവനകൾ ഏറെ ചർച്ചയാകുന്ന കാലം കൂടിയാണിത്.
കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ നടത്താൻ ആദ്യം ഏറെ മടിച്ചു. പക്ഷേ, ഒടുവിൽ നമ്മൾ ആയുർവേദത്തെ ചേർത്തുപിടിച്ചു. അതുകൊണ്ടുണ്ടായ നേട്ടത്തിന് ഏറെ ആഴവും പരപ്പുമുണ്ട്. കേരളത്തിൽ ആയുർവേദചികിത്സ തേടിയവരിൽ നടത്തിയ പഠനവും ഫലപ്രാപ്തയും ലോകപ്രശസ്തമായ ഫ്രന്റിയേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യ സ്ഥാനത്താണ്.
ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിക്കുന്നുണ്ടെന്നാണ് വിവരം. അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെട്ടേക്കും. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പഠനം തെളിയിക്കുന്നതായി ആ ജേർണലിൽ വിലയിരുത്തിയിരുന്നു. ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദമരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ട് ജൂൺ 29നാണ് സമർപ്പിച്ചത്. സെപ്തംബർ 20ന് ഫ്രന്റിയേഴ്സ് അംഗീകരിച്ചു. പത്ത് പേജുകളിലായുള്ള റിപ്പോർട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാലും രേഖയായി കിടക്കും.
പുറത്തുവന്ന
സത്യം
ആയുർവേദചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി അതിന്റെ ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു.
ശാസ്ത്രീയ അടിത്തറകളും തെളിവുകളും പഠനഗവേഷണങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആയുർവേദത്തെ എക്കാലവും പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. പാരമ്പര്യമായ അറിവുമാത്രമാണെന്നും ലോകരാജ്യങ്ങളിൽ അംഗീകാരം കുറവാണെന്നും ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ വാദിച്ചു. പരിമിതികളെ ഊതിവീർപ്പിച്ചു. ഏതൊരു ചികിത്സാരീതിയും പൂർണമല്ല എന്ന സത്യം അവർ മറച്ചുവച്ചു. ലോകത്ത് കോടാനുകോടി മരുന്നുകൾ വിറ്റഴിയ്ക്കുന്ന അലോപ്പതി മരുന്ന് ലോബിയാണ് മറ്റൊരു ശാസ്ത്രശാഖ വളർന്നുവരുന്നതിനെ എതിർക്കുന്നതെന്ന ആക്ഷേപവും ബലപ്പെട്ടു. ഒടുവിൽ, എല്ലാ ശാസ്ത്രവും മനുഷ്യരാശിയ്ക്കു വേണ്ടിയാണെന്ന സത്യമാണ് വിജയിച്ചത്.