തൃശൂർ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിൽ 141 അബ്കാരി കേസുകളും 51 എൻ.ഡി.പി.എസ് കേസുകളും. വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യം, ചാരായം നിർമാണം, സ്പിരിറ്റ് ചാരായമായും നിറം കലർത്തി വിദേശമദ്യമായും ഉപയോഗിക്കൽ, കള്ളിന്റെ വീര്യവും അളവും കൂട്ടാനുള്ള മായംചേർക്കലുകൾ എന്നീ പ്രവർത്തനങ്ങൾ തടയുന്നതിന് ഫെബ്രുവരി 23 മുതലാണ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യവും കേരളത്തിലേക്ക് എത്തുന്നതിന് സാധ്യത കൂടുതലായതിനാൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും പരിശോധന ഊർജിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും ഇവരെത്തുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കി. റെയിൽവേ പൊലീസുമായു കോസ്റ്റൽ പൊലീസുമായും സഹകരിച്ച് റെയിൽവേ സ്റ്റേഷനുകളിലും തീരപ്രദേശങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. സ്‌പെഷ്യൽ ഡ്രൈവ് കാലയളവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം തൃശൂർ ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക് തലത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സും, എൻ.എച്ച് 66, എൻ.എച്ച് 544 എന്നീ ഹൈവേകളിൽ 24 മണിക്കൂറും പട്രോളിംഗ് ടീമുമുണ്ട്.

കൺട്രോൾ റൂം നമ്പർ 0487 2361237.


ഇന്ത്യൻ നിർമിത വിദേശമദ്യം-356 ലിറ്റർ
സ്പിരിറ്റ് കലർന്ന കള്ള്- 558 ലിറ്റർ
ചാരായം- 86 ലിറ്റർ
വാഷ്- 732 ലിറ്റർ
അരിഷ്ടം-36 ലിറ്റർ
ബിയർ- 8.2 ലിറ്റർ
കഞ്ചാവ്- 3 കിലോ
കഞ്ചാവ് കലർന്ന മിഠായി-8 എട്ട് കിലോ
ഹാഷിഷ് ഓയിൽ - 463.17 ഗ്രാം
കഞ്ചാവ് ചെടി- 3
മെത്താഫെറ്റാമിൻ- 2.165 ഗ്രാം
പുകയില ഉത്പ്പന്നങ്ങൾ- 470 കിലോ
വാഹനങ്ങൾ- ആറ്