കൊടുങ്ങല്ലൂർ: തൊഴിലിലായ്മയും കടൽക്ഷോഭവും മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകണമെന്ന് ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി യോഗം. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ലഭിക്കുന്ന ലംപ്‌സം ഗ്രാന്റ് ലഭിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയുടെ നിലനിൽപ്പായിരുന്ന സബ്‌സിഡി മണ്ണെണ്ണ നൽകാതെയായതോടെ മേഖലയുടെ നിലനിൽപ്പ് കഷ്ടത്തിലാണ്. മത്സ്യബന്ധന യാനങ്ങൾക്ക് വർദ്ധിപ്പിച്ച രജിസ്‌ട്രേഷൻ ഫീസ്, മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇടാക്കുന്ന ഉയർന്ന ജി.എസ്.ടി ഇവയെല്ലാം ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.
അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മണി കാവുങ്ങൽ അദ്ധ്യക്ഷനായി. അഡ്വ. ഷാജു തലാശ്ശേരി, കെ.വി. തമ്പി, കെ.കെ. ജയൻ, ഇ.കെ. ദാസൻ, കെ.എം. പുഷ്‌കരൻ, വേണു വെണ്ണറ തുടങ്ങിയവർ സംസാരിച്ചു.