പുത്തൻചിറ: പാറമേൽ തൃക്കോവിലിൽ ജലനിധിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പിണ്ടാണിക്കുന്നിൽ കുടിവെള്ളമില്ല, ജനം വലയുന്നു. പിണ്ടാണി കിഴക്കെ ലക്ഷം വീട്, പിണ്ടാണിക്കുന്ന്, പിണ്ടാണിക്കടവ് എന്നിവിടങ്ങളിൽ കുടിവെള്ളവിതരണം നിലച്ചിട്ട് 15 ദിവസം കഴിഞ്ഞു.
പരാതിയെത്തുടർന്ന് പൈപ്പ് പൊട്ടിയ ഭാഗം കുഴിച്ച് പരിശോധിച്ചു. കേബിളുകൾക്ക് അടിയിലായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അതിനാൽ പൈപ്പ് ശരിയാക്കാൻ ഇനിയും രണ്ടുദിവസം കൂടി എടുക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
പണി പൂർത്തീകരിച്ച് കഴിഞ്ഞാൽ മാത്രമേ വെള്ളം വിടാനാകൂ. ബുധനാഴ്ച രാത്രി പൈപ്പ് പൊട്ടി വെള്ളം പോകുന്ന വിവരം ജലനിധി അധികൃതരെ അറിയിച്ചപ്പോൾ നിറുത്തിയതാണ് കുടിവെള്ളവിതരണം.
ജലക്ഷാമം രൂക്ഷമായ ഭാഗങ്ങളിലേക്ക് ടാങ്കറിൽ എത്തിക്കാൻ പുത്തൻചിറ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണം.
- പി.സി. ബാബു, പഞ്ചായത്ത് മുൻ അംഗം