പാവറട്ടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ മണലൂർ മണ്ഡലം സ്വീകരണ പര്യടനം ആവേശകരമായി.
അരിമ്പൂർ സെന്ററിലെ സ്ഥാനാർത്ഥി പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വെളുത്തൂർ ചിത്ര സെന്ററിലെ സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകൾ ഫലങ്ങളുമായി സ്വീകരിക്കാനെത്തി. മനക്കൊടി ആശാരി മൂലയിൽ മനക്കൊടി വെളുത്തൂർ അകമ്പാടം പടവ് പ്രസിഡന്റ് സി.ഷിനീഷ് ഒരു കെട്ട് നെൽക്കതിർ നൽകി. കാരമുക്ക് നാല് സെന്റ് കോളനിയിലെത്തിയ സുനിൽകുമാറിന് ഒരു വിത്ത് കൊട്ട നിറയെ നെല്ല് നൽകിയാണ് ടി.വി.ബാലകൃഷ്ണൻ സ്വീകരിച്ചത്. ഇഗ്‌നേഷ്യസ് പള്ളികുന്നത്തും സത്യൻ എടക്കാട്ടും ഇളനീർ കുലയും രഗീല അനിലും വിനീദ് പാറമേലും പച്ചക്കറിയും നൽകി. പാലാഴി സെന്റിൽ സ്ഥാനാർത്ഥി എത്തിയപ്പോഴേക്കും മീന സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. മുല്ലശ്ശേരി സെന്ററിലെ സ്വീകരണത്തിന് ശേഷം പമ്പന്തളി റേഷൻകട ജംഗ്ഷനിലും പെരുവല്ലൂർ സെന്ററിലും കാക്കശ്ശേരി അനശ്വര ക്ലബ് പരിസരത്തും പാവറട്ടി ചുക്കു ബസാറിലെ സ്വീകരണ കേന്ദ്രത്തിലും എത്തി. മാമാബസാർ, പാലാ ബസാർ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ചൊവ്വല്ലൂർപടി തിരിവ്, ചൊവ്വല്ലൂർ സെന്റർ, കൂനംമുച്ചി, മറ്റം സെന്റർ, ആളൂർ സെന്റർ, പെരുമണ്ണ്, മത്തനങ്ങാടി, മണലി, വെട്ടുകാട് വെളി 37 കേന്ദ്രങ്ങളിലേ സ്വീകരണത്തിന് ശേഷം പയ്യൂർ മദ്രസ പരിസരത്ത് രാത്രി വൈകി സ്ഥാനാർത്ഥി പര്യടനം സമാപിച്ചു. പെരുനെല്ലി എം.എൽ.എ, എൽ.ഡി.എഫ് മണലൂർ മണ്ഡലം കൺവീനർ ടി.വി.ഹരിദാസൻ, തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി വി.ആർ.മനോജ്, കെ.വി.വിനോദൻ, രാഗേഷ് കണിയാംപറമ്പിൽ, പി.കെ.കൃഷ്ണൻ, സി.കെ.വിജയൻ, എ.വി.വല്ലഭൻ, അജി ഫ്രാൻസിസ്, ഷാഫി ചൂണ്ടൽ, കെ.കെ.ശശിധരൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.