
തൃശൂർ: കേന്ദ്ര സാഹിത്യ അക്കാഡമിയെ രാഷ്ട്രീയവത്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയിലെ എഴുത്തുകാരുടെ കടമയാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. സി.രാധാകൃഷ്ണന്റെ കേന്ദ്രസാഹിത്യ അക്കാഡമിയിൽ നിന്നുള്ള രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാധാകൃഷ്ണൻ രാജിയിലൂടെ ഉയർത്തിയിരിക്കുന്ന പ്രതിരോധം കേരളത്തിലും ഇന്ത്യയൊട്ടാകെയും എഴുത്തുകാർ ആലോചിക്കേണ്ടതാണ്. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ കേരളത്തിൽ നിന്ന് ചില പ്രതിനിധികളുണ്ട്. ആ പ്രതിനിധികൾ സി.രാധാകൃഷ്ണന്റെ രാജിയെകുറിച്ച് എന്തു പറയുന്നുവെന്നറിയാൻ ഒരു എഴുത്തുകാരൻ എന്ന നിലയിൽ താല്പര്യമുണ്ട്. അവർ അവിടെ പിടിച്ചു തൂങ്ങാനാണ് ശ്രമമെങ്കിൽ തീർച്ചയായും സംഘപരിവാറിനോടൊപ്പം മൂല്യങ്ങൾ നഷ്ടപെടുത്തി അവാർഡും അംഗീകാരങ്ങളും മാത്രം മതി എന്ന് വിശ്വസിക്കുന്ന കുറച്ചാളുകളുടെ ഇടപെടലായി അതിനെ വ്യാഖാനിക്കേണ്ടിവരുമെന്നും ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.