
തൃശൂർ : ലഹരിക്കെതിരായ അവബോധം വളർത്തുക, എൻ.ഡി.പി.എസ് നിയമങ്ങളെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചിത്രീകരിക്കുന്ന തൃശൂർ സിറ്റി പൊലീസിന്റെ ലീഗൽ ഡൈജസ്റ്റ് പ്രകാശനം ചെയ്തു. റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിൽ നിന്നും ജില്ലാ ഗവ.പ്‌ളീഡർ പ്രോസിക്യൂട്ടർ അഡ്വ.കെ.ബി.സുനിൽകുമാർ ഏറ്റുവാങ്ങി. ലഹരിയുടെ ദൂഷ്യവശങ്ങളോടൊപ്പം ലഹരി ഉപയോഗിച്ചാൽ നേരിടേണ്ടി വരുന്ന നിയമപരമായ വശങ്ങൾ എന്തൊക്കെയെന്ന കാര്യങ്ങൾ ലീഗൽ ഡൈജസ്റ്റ് എന്ന കുട്ടി പുസ്തകം കൈകാര്യം ചെയ്യുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനാണ് പദ്ധതിക്ക് രൂപം നൽകിയത്. കമ്മിഷണർ അങ്കിത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.തോമസ്, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ മനോജ്കുമാർ.ആർ, എ.സി.പി കെ.സുദർശൻ, അഡ്വ.ഷാജിത്, വിജയൻ, സുജ, സുധി എന്നിവർ പങ്കെടുത്തു.