h-s-s
ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിലെ സമ്മർ ഫുട്ബാൾ, വോളിബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ പി.ടി.എ ഭാരവാഹികൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, അദ്ധ്യാപകർ, കോച്ചുമാർ എന്നിവരോടൊപ്പം.

ചെന്ത്രാപ്പിന്നി : വേനലവധിക്കാലത്ത് കുട്ടികളുടെ ശാരീരിക കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനും വേണ്ടി ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കായിക പരിശീലന പരിപാടിക്ക് തുടക്കമായി. മുൻ എം.ആർ ഇന്ത്യ ബോഡി ബിൽഡിംഗ് താരവും മണപ്പുറം ഹെൽത്ത് ആൻഡ് സ്‌പോർട്‌സ് വിഭാഗം ഡയറക്ടറുമായ റഫീഖ് റോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. ജ്യോതിപ്രകാശ് അദ്ധ്യക്ഷനായി. അദ്ധ്യാപകനും ഹരിയാനയിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജേതാവായ ബിജു മോഹൻ ബാബുവിനെയും സ്‌കൂൾ കായിക അദ്ധ്യാപകനും കർണാടകയിൽ നടന്ന 67-ാമത് ദേശീയ സ്‌കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കാൻ ടെക്‌നിക്കൽ ഒഫീഷ്യൽസായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ടി.എൻ. സിജിലിനെയും അനുമോദിച്ചു. കെ.എസ്. കിരൺ, പി.കെ. ശ്രീജിഷ്, വി.ബി. സജിത്ത്, പ്രദീപ്‌ലാൽ, പ്രീതി നിജേഷ്, എസ്. പ്രമോദ്, ടി.എൻ. അജയകുമാർ, ടി.എൻ. സിജിൽ എന്നിവർ സംസാരിച്ചു.

പരിശീലനം 150 ഓളം കുട്ടികൾക്ക്

ഏപ്രിൽ ഒന്നു മുതൽ 30 വരെ ഫുട്ബാൾ, വോളിബാൾ ഇനങ്ങളിൽ വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 150 ഓളം കുട്ടികൾക്ക് രാവിലെയും വൈകിട്ടുമാണ് പരിശീലനം. വോളിബാൾ, ഫുട്ബാൾ സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിംഗ്, തിയറി ക്ലാസുകൾ, ഫിറ്റ്‌നസ് ട്രെയിനിംഗ്, ടൂർണമെന്റ് ഫൺ ആക്ടിവിറ്റീസ്, സ്‌പോർട്‌സ് സൈക്കോളജി ക്ലാസുകളാണുള്ളത്.