പി.എച്ച്.ഡിക്കാർക്ക് അഡ്വാൻസ് ഇൻക്രിമെന്റും കിട്ടാക്കനി
തൃശൂർ: മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ എന്നിവയെ അപേക്ഷിച്ച് സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും യു.ജി.സി സ്‌കെയിലിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും ഗവേഷകർക്കും ആനുകൂല്യങ്ങൾ കുറവ്. ആനുകൂല്യങ്ങൾ കുറയുന്നതിനാൽ പലരും വിദേശ, കേന്ദ്ര സർവകലാശാലകളിലേക്ക് ചേക്കേറുകയാണ്. അടിസ്ഥാന ശമ്പളത്തിൽ മാത്രമേ തുല്യതയുള്ളൂവെന്നാണ് അദ്ധ്യാപകരും ഗവേഷകരും പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ക്ഷാമബത്തയായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നൽകുമ്പോൾ കേരളം 17 ശതമാനമാണ് നൽകിയത്. ഈ മാസം മുതൽ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും 31 ശതമാനമേ ലഭിക്കൂ. പി.എച്ച്.ഡിയോടെ സർവീസിൽ പ്രവേശിക്കുമ്പോൾ ലഭിക്കേണ്ട അഡ്വാൻസ് ഇൻക്രിമെന്റുകളും സംസ്ഥാനത്ത് ലഭിക്കുന്നില്ല.
ക്ഷാമബത്ത, പെൻഷൻ, വാടക അലവൻസ് എന്നിവയും കുറവാണ്. സർക്കാർ ക്വാർട്ടേഴ്‌സുകൾക്ക് വാടക കൂടുതൽ നൽകണം. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും കേന്ദ്ര നിരക്കിലാണ് ക്ഷാമബത്ത, വീട്ടു വാടക അലവൻസ്, പെൻഷൻ എന്നിവയും മറ്റാനുകൂല്യങ്ങളും നൽകുന്നത്. ഇവിടെ ഗവേഷണ ആവശ്യത്തിനുള്ള ഫണ്ടും ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ വാങ്ങാനുള്ള തുകയും ലഭിക്കാറില്ല.
ശമ്പളത്തിൽ കുറവ്
സർവീസിൽ പ്രവേശിക്കുമ്പോൾ പി.എച്ച്.ഡി യോഗ്യതയുള്ള അദ്ധ്യാപകർക്ക് മൊത്തശമ്പളത്തിൽ ഏകദേശം 40,000 രൂപയുടെ കുറവുണ്ട്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത യു.ജി.സി റെഗുലേഷൻസ് 2018 പ്രകാരം പി.എച്ച്.ഡിയോടെ സർവീസിൽ ചേരുമ്പോൾ അഞ്ച് അഡ്വാൻസ്ഡ് ഇൻക്രിമെന്റുകൾ ലഭിക്കേണ്ടതാണ്. അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനത്തോളമാണ് ഒരു ഇൻക്രിമെന്റ്. പി.എച്ച്.ഡിയോടെ സർവീസിൽ പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണിത്. അല്ലെങ്കിൽ മികവ് വർദ്ധിപ്പിക്കാൻ അദ്ധ്യാപകരെ പിന്നീട് മൂന്ന് വർഷത്തെ പി.എച്ച്.ഡിക്ക് ശമ്പളത്തോടെ അയക്കേണ്ടിവരും.