
തൃശൂർ: കരുവന്നൂർ കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ.ഡി നോട്ടീസ് നൽകിയതിന്റെ ചുവടുപിടിച്ച് വാക് പോരും പ്രചാരണവുമായി യു.ഡി.എഫും എൻ.ഡി.എയും. ഇ.ഡി. നടപടിയുണ്ടായാൽ രാഷ്ട്രീയമായും നിയമപരമായും സംഘടനാപരമായും നേരിടാനുറച്ച് ഇടതുമുന്നണി.
ഇ.ഡി നടപടി സി.പി.എം-ബി.ജെ.പി ഡീൽ ആണെന്ന് കെ.മുരളീധരൻ ആരോപിച്ചപ്പോൾ, അഡ്ജസ്റ്റ്‌മെന്റ് സി.പി.എമ്മും കോൺഗ്രസും തമ്മിലാണെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു. ജില്ലാ സെക്രട്ടറി എം.എം വർഗീസിനോട് ഇന്ന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെയും ആലത്തൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെയും പത്രികാ സമർപ്പണം ഇന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെടാനാണ് വർഗ്ഗീസ് ഒരുങ്ങുന്നത്.
ഇ.ഡിക്കെതിരെയും ആരോപണശരം
കരുവന്നൂർ സഹകരണ ബാങ്ക് കേസ് തൃശൂരിൽ തിരഞ്ഞെടുപ്പ് വിഷയമാകുന്ന സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇ.ഡിക്കെതിരെയും വിമർശനമുന്നയിച്ചു. ഇ.ഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോൾ നടത്തുന്നത് ഡീലിന്റെ ഭാഗമാണെന്നും കെ.മുരളീധരൻ ആരോപിച്ചു. കരുവന്നൂരിൽ കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്നാണ് കെ.മുരളീധരനും കോൺഗ്രസും ആവശ്യപ്പെടുന്നത്. കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് സുരേഷ് ഗോപിയുടെ പ്രതികരണത്തിലുള്ളത്. ഇക്കാര്യത്തിൽ രാഷ്ട്രീയം വിട്ടുള്ള നടപടിക്രമങ്ങളാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് കഴിയും വരെ?
ഇ.ഡി. നോട്ടീസ് ലഭിച്ചാലും ഹാജരാകുന്നത് തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റി വയ്ക്കാനുള്ള നിയമ നടപടികളാണ് സി.പി.എം ആലോചിക്കുന്നത്. കൃത്യസമയത്ത് കുറ്റക്കാർക്കെതിരെ നടപടിയെടുത്തുവെന്നാണ് സി.പി.എമ്മിന്റെ വാദം. സഹകരണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം. ഓഡിറ്റ് വിവരം മറച്ചുവച്ചതിലാണ് ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി ആരോപണം ഉന്നയിക്കുന്നത്. ഏഴായിരത്തോളം പേർക്കാണ് ഇനി കരുവന്നൂർ സഹകരണ ബാങ്കിൽ പണം നൽകാനുള്ളത്. കൂടുതൽ തുക നിക്ഷേപമുള്ളവരാണ് ഇവരിൽ ഏറിയ പങ്കും. കുറഞ്ഞതുക നിക്ഷേപമുള്ള 22,000 പേർക്ക് നിക്ഷേപം തിരികെ നൽകിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അവകാശപ്പെടുന്നു. അതിനാൽ അടിത്തട്ടിൽ അത്ര തീവ്രമായി വിഷയമേശില്ലെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.
മുൻപേ കരുവന്നൂരിൽ പിടിച്ച്...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, കരുവന്നൂർ പദയാത്രകളോടെ സുരേഷ് ഗോപിയും ടി.എൻ.പ്രതാപനും മാസങ്ങൾക്ക് മുൻപേ സജീവമായിരുന്നു. പക്ഷേ, ഇ.ഡി.യുടെ തുടർനടപടികളുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ കൃത്യമായി സി.പി.എം പ്രതിരോധിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തും അക്കൗണ്ടുകൾ സുതാര്യമാണെന്ന് അണികളെ ബോദ്ധ്യപ്പെടുത്തിയും ജനരോഷം തണുപ്പിക്കാനായെന്നാണ് സി.പി.എം വിശ്വസിക്കുന്നത്.
സി.പി.എമ്മിന് ആശങ്ക പ്രചാരണത്തിൽ
കൂടുതൽ നേതാക്കൾക്ക് ഇ.ഡി നോട്ടീസ് നൽകുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന് സി.പി.എമ്മിൽ ആശങ്ക. ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് പുറമേ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുൻ എം.പി പി.കെ.ബിജു, ജില്ലാ സെക്രട്ടറിയേറ്റംഗവും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.ഷാജൻ എന്നിവരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്. പ്രധാന പദവിയിലിരിക്കുന്ന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ഇടത് സ്ഥാനാർത്ഥികളുടെ പ്രചാരണ ഏകോപനത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. ബിജുവിനോട് നാളെയും പി.കെ.ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാനാണ് നിർദ്ദേശിച്ചത്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ പാർട്ടി അന്വേഷണത്തിന് നിയോഗിച്ചിരുന്നത് ബിജുവിനെയും ഷാജനെയുമായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. ഇ.ഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് ലഭ്യമാക്കും. ഇത് കരുവന്നൂർ സഹകരണ ബാങ്കിലെ മാത്രം പ്രശ്നമല്ല. പല സഹകരണ ബാങ്കുകളുടെ സ്ഥിതിയും ഇതുപോലെയൊക്കെത്തന്നെയാണ്
സുരേഷ് ഗോപി
തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി ആരെയും പിന്തുണച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതം.
സത്യൻ അന്തിക്കാട്
സംവിധായകൻ