പൊലീസിസ് നടപടിയിൽ പ്രതിഷേധം വ്യാപകം

ഗുരുവായൂർ: നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച് പൊലീസ്. ഇന്നലെ രാവിലെ 11 മണിയോടെ ഗുരുവായൂർ പടിഞ്ഞാറെ നടയിലാണ് സംഭവം. വാട്ടർ എ.ടി.എമ്മിന് സമീപത്ത് പാർക്ക് ചെയ്ത സ്‌കൂട്ടറുകളുടെ സീറ്റിനടിയിലെ ബോക്‌സ് തുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെ കച്ചവടക്കാർ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. ഇവർ
ടെമ്പിൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ജെയ്‌സൺന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ മോഷ്ടാവിനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പിടികൂടിയവരോട് ഓട്ടോ വിളിച്ച് മോഷ്ടാവിനെ പൊലീസ് സ്റ്റേഷനിലെത്തിക്കാൻ എസ്.ഐ. നിർദേശിച്ചു. പൊലീസ് ജീപ്പിൽ മോഷ്ടാവിനെ കൊണ്ടുപോകാമല്ലോ എന്ന് ചോദിച്ച നാട്ടുകരോട്

താൻ അതിന് തയ്യാറല്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ സ്റ്റേഷനിൽ എത്തിച്ചാൽ മതിയെന്നുമായിരുന്നു എസ്.ഐയുടെ മറുപടി. തുടർന്ന്
നാട്ടുകാർ പിൻമാറിയതോടെ മോഷ്ടാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാങ്ങുകയും സ്റ്റേഷനിൽ വന്ന് ഫോൺ തിരികെ വാങ്ങിക്കാൻ നിർദേശിച്ച് എസ്.ഐ ഇയാളെ വിട്ടയക്കുകയായിരുന്നു.

മോഷണം തുടർക്കഥ

കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുന്ന സ്‌കൂട്ടറുകളിൽ നിന്നും പൈസയും വിലപ്പിടിപ്പുള്ള ഫോണുകളും നഷ്ടപ്പെടുന്നത് പതിവായിരുന്നു. തെക്കേനടയിൽ കേശവന്റെ പ്രതിമയുടെ മുമ്പിൽ പാർക്ക് ചെയ്ത ദേവസ്വം ജീവനക്കാരൻ പി.എം. കണ്ണന്റെ സ്‌കൂട്ടറിൽ നിന്നും 7000 രൂപ നഷ്ടപ്പെട്ടിരുന്നു. കണ്ണൻ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി.ടി.വി പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇയാളെ എവിടെയെങ്കിലും കണ്ടാൽ അറിയിക്കാനും നിർദേശിച്ചിരുന്നു. പൊലീസിന് പിടികൂടാൻ സാധിക്കാത്ത മോഷ്ടാവിനെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചിട്ടും കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചതിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ.